കുവൈത്ത്‌ സിറ്റി:- കുവൈത്തിന്റെ 60-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എൻ.ബി.ടി.സി. കുവൈത്തും ബി.ഡി.കെ. കുവൈത്ത്‌ ചാപ്റ്ററും സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്നു ക്യാമ്പ് .ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തിലും രജിസ്റ്റർചെയ്ത 160 പേരിൽ 146 ജീവനക്കാർ അന്നംതരുന്ന നാടിന് ഐക്യദാർഢ്യവുമായി രക്തദാനം നിർവഹിച്ചു.

ക്യാമ്പിൻറെ ഔപചാരിക ഉദ്ഘാടനം എൻ.ബി.ടി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ ഏബ്രഹാം നിർവഹിച്ചു. കോവിഡ് സാഹചര്യത്തിൽ വർഷംതോറും നടത്തിവരാറുള്ള വിന്റർ കാർണിവലിന് പകരമായാണ് എൻ.ബി.ടി.സി. യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയിലുൾപ്പെടുത്തി ഇത്തവണ ജീവകാരുണ്യപ്രവർത്തനവുമായി മുന്നോട്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ്‌ വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമന്റോ ബി.ഡി.കെ. രക്ഷാധികാരി മനോജ്‌ മാവേലിക്കരയിൽ നിന്ന്‌ എൻ.ബി.ടി.സി. ടീം ഏറ്റുവാങ്ങി. ബി.ഡി.കെ. അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി. രഘുബാൽ പരിപാടികൾ ഏകോപിപ്പിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിബന്ധനകൾക്ക് വിധേയമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

റിനീഷ് ടി.വി., അജീഷ് ബേബി, എബിൻ ചെറിയാൻ, നന്ദഗോപാൽ, ജോജി, ജോബി, ലിനി ജയൻ, ഷാജൻ, ചാൾസ്, അജിത്, ജോളി, നോബിൻ, ഫ്രഡി എന്നിവർ നേതൃത്വം നൽകി.