ദുബായ് : വയറ്റിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്നെത്തിച്ച ഏഷ്യൻ സ്വദേശി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. 640 ഗ്രാം ഹെറോയിൻ ആണ് 32 വയസ്സുകാരനിൽനിന്ന്‌ പിടിച്ചെടുത്തത്. വിമാനത്താവളത്തിനകത്ത് പരിഭ്രാന്തനായി കാണപ്പെട്ട ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്താകുന്നത്.

ആദ്യം ഇയാളുടെ ബാഗുകൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് മയക്കുമരുന്ന് അടങ്ങിയ നിരവധി ഗുളികകൾ വയറ്റിൽനിന്നും കണ്ടെത്തിയത്. സ്വന്തം നാട്ടിലെ ചിലർ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇവ എത്തിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ദേരയിൽ താമസിക്കുന്ന ഒരാൾക്കായിരുന്നു ഇവ കൈമാറേണ്ടിയിരുന്നത്. ഇയാളെ പോലീസ് തിരയുന്നുണ്ട്. പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മൂന്ന് മാസം; പിടിച്ചെടുത്തത് 56 കിലോ മയക്കുമരുന്ന്

ദുബായ് : ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തത് 56 കിലോഗ്രാം മയക്കുമരുന്ന്. 3951 ലഹരി ഗുളികകളും ഇക്കാലയളവിൽ അധികൃതർ പിടികൂടി. 294 പ്രത്യേക ഓപ്പറേഷനുകൾ വഴിയാണ് ദുബായ് കസ്റ്റംസ് മയക്കുമരുന്ന് കടത്ത് തടഞ്ഞത്. ഇവയിൽ 180 ക്രിമിനൽ നടപടികളും 24 കസ്റ്റംസ് നടപടികളുമാണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 7417 വിമാനങ്ങളിലായി 20 ലക്ഷം യാത്രക്കാരെയും 40 ലക്ഷം ബാഗേജുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.