ഡോ. ഹുസൈൻ മടവൂർകുട്ടികളുടെ പ്രവാചകൻ

വലിയ ആളുകളെക്കുറിച്ച് പറയുമ്പോൾ വലിയ വലിയ കാര്യങ്ങളാണല്ലോ നാം പറയാറുള്ളത്. തത്ത്വചിന്തകളും ദർശനങ്ങളും ശാസ്ത്രങ്ങളുമെല്ലാമായിരിക്കും അവിടെ ചർച്ച ചെയ്യപ്പെടുക. എന്നാൽ, ചെറുതായി തോന്നുന്ന ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് മുഹമ്മദ് നബിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. കുട്ടികളുമായി സംസാരിക്കാനും സല്ലപിക്കാനും സമയം കണ്ടെത്തിയിരുന്ന പ്രവാചകനാണ്‌ മുഹമ്മദ്‌ നബി.

അബൂ ഉമൈർ എന്ന് പേരുള്ള കുട്ടി ഒരു കിളിയെ പോറ്റിയിരുന്നു. നുഖൈർ എന്ന പേരുള്ള കൊച്ചുകുരുവി. അവൻ അതുമായി കളിച്ചുകൊണ്ടിരിക്കും. ഒരിക്കൽ അബൂ ഉമൈറിനെ കണ്ടപ്പോൾ നബി ചോദിച്ചു: ‘‘മകനേ നിന്റെ കിളിയുടെ വർത്തമാനമെന്താണ്.’’ പിന്നീട് അവരുടെ സംസാരം ആ കിളിയെക്കുറിച്ചായി. പെരുന്നാളിന് കുട്ടികൾക്ക് പാട്ടുംകളിയുമെല്ലാം പ്രധാനമാണല്ലോ. ഒരു പെരുന്നാളിന് നബിയുടെ സന്നിധിയിൽ പാട്ടുപാടുകയായിരുന്ന കുട്ടികളോട് അൂബക്കർ സിദ്ദീഖ് പാട്ട്‌ പാടരുതെന്ന്‌ പറഞ്ഞു. കുട്ടികൾക്ക് സങ്കടമായി. അവരുടെ സങ്കടം തിരിച്ചറിഞ്ഞ പ്രവാചകൻ അബൂബക്കറിനോട് പറഞ്ഞു: ‘‘ഇന്ന് പെരുന്നാളല്ലേ. അവർ പാടട്ടെ.’’ അതോടുകൂടി കുട്ടികൾക്കുണ്ടായ സന്തോഷം പറയേണ്ടതില്ലല്ലോ.

നബിയുടെ ചുമതലയും ഉത്തരവാദിത്വങ്ങളും വളരെ വലുതാണെന്ന് ശരിതന്നെ. പക്ഷേ, കുട്ടികൾക്കതൊന്നും വിഷയമല്ലല്ലോ. നബിയുടെ മുമ്പിൽവെച്ച് ഉച്ചത്തിൽ സംസാരിക്കുകപോലും ചെയ്യാത്തവരാണ് മറ്റെല്ലാവരും. നബിയുടെ പേരക്കുട്ടികളായ ഹസനും ഹുസൈനും നബിയോടൊപ്പം കളിക്കുക പതിവായിരുന്നു. ഒരുദിവസം നബി നമസ്കരിക്കുമ്പോൾ അവർ സുജൂദിൽ (സാഷ്ടാംഗം) കിടക്കുന്ന നബിയുടെ പുറത്ത് കയറിയിരുന്നു. എന്നിട്ട് പറഞ്ഞു: ‘‘ഇതൊരു ഒട്ടകമാണെന്ന്.’’ നമസ്കാരം കഴിഞ്ഞശേഷം നബി അവരെ ലാളിച്ചുകൊണ്ട് പറഞ്ഞു: ‘‘നിങ്ങളുടെ ഒട്ടകം നല്ല ഒട്ടകമാണ്. ഒട്ടകപ്പുറത്ത് കയറിയവരും നല്ലവർ തന്നെ.’’ ആ കുട്ടികൾക്ക് സ്നേഹമുള്ള ഒരു വല്യുപ്പയായിരുന്നു നബി.

കുട്ടികളുടെ അവകാശങ്ങളെല്ലാം നിയമംമൂലം ഉറപ്പുവരുത്തിയിട്ടുണ്ട് നബി. കുട്ടികളുടെ ഭക്ഷണവും മറ്റുചെലവുകളും വഹിക്കേണ്ടത് പിതാവാണ്. കുഞ്ഞുങ്ങളെ ഭക്ഷണവും മറ്റുകാര്യങ്ങളും നൽകി വളർത്തേണ്ടത് മാതാവാണ്. മാതൃസ്നേഹത്തിന് പകരംവെക്കാൻ മറ്റൊന്നുമില്ലല്ലോ. മാതാപിതാക്കൾ തമ്മിൽ വേർപെട്ടുപോയാൽപ്പോലും കുഞ്ഞിന്റെ സംരക്ഷണത്തിന് വ്യവസ്ഥയുണ്ടാക്കണമെന്നാണ് നിയമം. മാതാക്കൾ പൂർണമായും രണ്ടുവർഷം മുലപ്പാൽ നൽകണമെന്ന ഖുർആനിന്റെ കല്പനയുടെ സ്നേഹമസൃണമായ ഭാവങ്ങൾ നടപ്പാക്കുകയായിരുന്നു കുട്ടികളുടെ പ്രവാചകൻ.

ഒരിക്കൽ നബി പള്ളിയിൽ വെച്ച് നമസ്കരിക്കുകയായിരുന്നു. സാധാരണപോലെ ദീർഘമായി ഖുർആൻ പാരായണം തുടങ്ങി. ധാരാളം അനുചരന്മാർ പിറകിൽ നമസ്കരിക്കുന്നുണ്ട്. അപ്പോഴാണ് പിന്നിൽനിന്ന്‌ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. നബി വേഗത്തിൽ തന്നെ നമസ്കരിച്ച് തീർത്തു. ആ കുഞ്ഞിനും മാതാവിനും പ്രയാസമുണ്ടാവും നമസ്കാരം നീട്ടിക്കൊണ്ടുപോയാൽ എന്നതുകൊണ്ടായിരുന്നു നബി അങ്ങനെ ചെയ്തത്.