റാസൽഖൈമ : ഡൽഹിയിൽ നിന്നും റാസൽഖൈമയിലേക്കുള്ള വിമാനം സെപ്റ്റംബർ 26 ഞായറാഴ്ച സർവീസ് ആരംഭിക്കുമെന്ന് സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചു.

രാത്രി ഒമ്പതിന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 10.50-ന് റാസൽഖൈമയിലെത്തും. രാത്രി 11.50-ന് റാസൽഖൈമയിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ അഞ്ചിന് ഡൽഹിയിലെത്തും. ഈ സർവീസ് ദിവസവുമുണ്ടാകും. ഡൽഹിയിലെത്തുന്ന ഈ വിമാനം കൊച്ചി ഉൾപ്പെടെ 23 സ്ഥലങ്ങളിലേക്കുള്ള സർവീസുകളുമായി ബന്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 30-നകം യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നവർക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കും. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒക്ടോബർ പത്തുവരെ ഈ ആനുകൂല്യം ലഭിക്കുമെന്നും സ്പേസ് ജെറ്റ് അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്പേസ് ജെറ്റ്.

യു.എ.ഇ.ക്കുപുറമെ സൗദിഅറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്‌ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുൾപ്പെടെ പുതിയ സർവീസ് ആരംഭിക്കുമെന്നും സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചു.