അബുദാബി : സൈക്ലിങ്ങിൽ കൂടുതൽ ആത്മവിശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ അബുദാബി സൈക്ലിങ് ക്ലബ്ബും പോലീസും ഉടമ്പടി ഒപ്പുവെച്ചു. ഇതിലൂടെ കായിക ബോധവത്കരണ പദ്ധതികൾ നടപ്പാക്കുകയും കൂടുതൽപ്പേരെ കായിക വിനോദങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും.

അബുദാബി പോലീസ് മാനവവിഭവശേഷി വകുപ്പ് ഡയറക്ടർ മേജർ ജനറൽ സലിം ഷഹീൻ അൽ നുഐമിയും സൈക്ലിങ് ക്ലബ്ബ് എക്സിക്യൂട്ടീവ് ഡയറക്ടർ അൽ നഖീറ നാസർ അൽ ഖൈലിയും ഉടമ്പടിയൊപ്പിട്ടു. പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനസംവിധാനങ്ങൾ ലഭ്യമാക്കുക, വനിതാ ജീവനക്കാർക്ക് കായിക വ്യായാമ പദ്ധതികളിലൂടെ പ്രോത്സാഹനം നൽകുക എന്നിവയും ഉടമ്പടിയുടെ ലക്ഷ്യങ്ങളാണ്.

സ്വകാര്യ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്രവർത്തനക്ഷമത ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായാണിതെന്ന് പോലീസ് മേധാവി അറിയിച്ചു. അബുദാബി സൈക്ലിങ് ക്ലബ്ബ് ചെയർമാൻ സുഹൈൽ മതാർ അൽ യബ്‌ഹൂനി, പോലീസ് കായിക വിദ്യഭ്യാസ വിഭാഗം ഡയറക്ടർ കേണൽ ഇസാം അബ്ദുല്ല അൽ അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.