അബുദാബി : യു.എ.ഇ. സുവർണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ ലൂവ്ര് മ്യൂസിയത്തിൽ നാല് പ്രത്യേക പ്രദർശനങ്ങൾ നടക്കും. മ്യൂസിയത്തിന്റെ നാലാംവാർഷികംകൂടി ചേർന്നുവരുന്ന നവംബറിലാണ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാവുക. പ്രദർശനങ്ങൾക്കുപുറമെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വിഖ്യാത സൃഷ്ടികൾ നിശ്ചിതകാലയളവിലേക്ക് ലൂവ്രിലെത്തിക്കുകയും ചെയ്യും.

ഏഴ് എമിറേറ്റുകളിലും ഇതിന്റെ പ്രത്യേക പ്രദർശനവും നടക്കും. ചൈനയും ഇസ്‌ലാമികരാജ്യങ്ങളും തമ്മിലുള്ള പൗരാണികബന്ധം വിശദമാക്കുന്ന പ്രദർശനം ഒക്ടോബർ ആറുമുതൽ 2022 ഫെബ്രുവരി 12 വരെ നടക്കും. മ്യൂസി നാഷണൽ ഡെസ് ആർട്ട് ഏഷ്യാടിക്സുമായി ചേർന്ന് നടക്കുന്ന പ്രദർശനത്തിന്റെ കുറേറ്റർ സോഫി മക്കാറിയോ ആണ്. നവംബർ, ഡിസംബർ മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദർശനം നടക്കും. നവംബർ 18 മുതൽ 2022 മാർച്ച് 27 വരെ യു.എ.ഇ. ബഹിരാകാശരംഗങ്ങളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കലാസൃഷ്ടികളുടെ മത്സരം നടക്കും.

യു.എ.ഇ.യിലുള്ള കലാപ്രവർത്തകർക്കായാണിത്. ലൂവ്രിൽ നടക്കുന്ന യോഗ അവതരണങ്ങൾ തുടരും. ‘ഇമോഷൻസ്’ എന്നപേരിൽ കുട്ടികൾക്കായി പ്രത്യേക പ്രദർശനങ്ങളും ഇവിടെ നടക്കുന്നുണ്ട്. 18 വയസ്സിനുതാഴെ പ്രായമുള്ളവർക്ക് ഇതിൽ പ്രവേശനം സൗജന്യമാണ്. 59 കലാസൃഷ്ടികളാണ് ലൂവ്രിൽ പുതിയതായി എത്തിക്കുന്നത്. പുതിയ സീസണിൽ ഏറെ പ്രത്യേകതകളോടെയുള്ള പരിപാടികൾക്കാണ് ലൂവ്ര് സാക്ഷ്യം വഹിക്കുകയെന്ന് ഡയറക്ടർ മാനുവൽ റബേത് പറഞ്ഞു. വിവിധ നാടുകളിൽ നിന്നെത്തുന്നവർക്ക് ചിത്രങ്ങളിലൂടെയും അവതരണങ്ങളിലൂടെയും സാംസ്കാരിക പങ്കുവെക്കലുകൾക്ക് ഇതിലൂടെ അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.