ദുബായ് : ദുബായ് എയർഷോ 2021-ന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി.) ചെയർമാനും പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം ഡയറക്ടറുമായ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. നവംബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് സെൻട്രലിലാണ് ഷോ നടക്കുക. ആഗോള വ്യോമയാന അജണ്ടയുടെ അടിസ്ഥാനത്തിൽ അതിനൂതന സങ്കേതങ്ങളോടെയാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2019-ന് ശേഷം ലോകത്ത് നടക്കുന്ന ആദ്യ എയർഷോയെന്ന പ്രത്യേകതയും ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഇതിനെ മാറ്റും.