അബുദാബി : പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സുഹൃത്തുക്കൾക്ക് യാത്രയയപ്പ് നൽകി. ഷബീർ വെള്ളിപ്പറമ്പ്, ഷമീർ മുണ്ടേരി, ഷഫീക് നാദാപുരം എന്നിവരാണ് 13 വർഷത്തെ പ്രവാസത്തിലേക്ക് ശേഷം മടങ്ങുന്നത്. മർക്കസ് തൊഴിൽദാന പദ്ധതിയിലൂടെ യു.എ.ഇ.യിൽ എത്തിയ മൂന്നുപേരും അഡ്‌നോക്കിലാണ് ജോലിചെയ്തിരുന്നത്.

ആർ.എസ്.സി.യുടെ സജീവപ്രവർത്തകരാണ്. ഷബീറും ഷമീറും അബുദാബി, റുവൈസ്, ഗയാത്തി എന്നിവിടങ്ങളിലെ അഡ്‌നോക് സി സ്റ്റോറിലാണ് ജോലിചെയ്തിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും മൂന്നുപേരും സജീവമാണ്. ഗയാതിയിൽനടന്ന യാത്രയയപ്പ് ചടങ്ങ് അഷ്‌റഫ്‌ ചക്കിട്ട ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ കുഞ്ഞി, അബ്ദു നാസിർ പൈക്കാട്ട്മ്മൽ, ശാനവാസ് പത്തനംതിട്ട, അനസ് എന്നിവർ ആശംസനേർന്നു.