ദുബായ് : വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം ആവർത്തിച്ച് ഓർമപ്പെടുത്തുന്നത്.

സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരും. ശരിയായ മേൽവിലാസങ്ങൾ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് അൽ മർറി വ്യക്തമാക്കി.

ആളുകൾ അമർ സെന്ററുകൾ വഴി എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.

അതുപോലെതന്നെ വകുപ്പിന്റെ സ്മാർട്ട് ചാനലുകൾ വഴി നൽകുന്ന വിവരങ്ങളും. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്. ഏറ്റവും വേഗത്തിലാണ് ദുബായിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഉപയോക്താക്കൾക്ക് എല്ലായ്‌പ്പോഴും സന്തോഷകരമായ സേവനങ്ങൾ നൽകാനാണ് വകുപ്പ് ശ്രദ്ധിക്കുന്നത്.

ചില സമയങ്ങളിൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് മേൽ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും അപേക്ഷിച്ചത് ശരിയായാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് വകുപ്പ് ജനങ്ങളെ ഓർമപ്പെടുത്തി.