ദുബായ് : അവധിക്കാലം അടുത്തെത്തിയതോടെ പ്രത്യേക ആരോഗ്യനിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ.

ചില വിദേശരാജ്യങ്ങളിൽ ഇപ്പോഴും കർശന കോവിഡ് നിയന്ത്രണങ്ങളുള്ളതുകൊണ്ട് യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് യു.എ.ഇ. ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു. ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുകയാണ്. അത്തരം യാത്രകൾ ഒഴിവാക്കിയാലും യു.എ.ഇ. യിൽ അതിന് തുല്യമായ എല്ലാ ടൂറിസം അനുഭവങ്ങളും ആസ്വദിക്കാനാവും. കോവിഡ് മഹാമാരി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ ഇപ്പോഴും കോവിഡിലും അതുമൂലമുള്ള മരണത്തിലും വർധനയുണ്ട്. അതുകൊണ്ടുതന്നെ യു.എ.ഇ.ക്ക് പുറത്തേക്കുള്ള യാത്രകളിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കണം. യു.എ.ഇ.യിൽ ഇപ്പോഴുള്ളത് മികച്ച കാലാവസ്ഥയാണ്. ദേശീയദിനത്തിലെ അവധിദിനങ്ങൾ മികച്ച രീതിയിൽ ചെലവിടാം. യൂറോപ്പിലും മറ്റും ഇപ്പോഴും റെക്കോഡ് കോവിഡ് സംഖ്യയാണ് രേഖപ്പെടുത്തുന്നത്. അതേസമയം യു.എ.ഇ. യിൽ കേസുകൾ എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ്. ഏറ്റവും മികച്ച പ്രതിരോധ നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. ഏതാണ്ട് എല്ലാവരിലേക്കും കോവിഡ് വാക്സിൻ എത്തിച്ചുകഴിഞ്ഞതായും അവർ വ്യക്തമാക്കി.

യു.എ.ഇയിൽ പുതുതായി 77 പേരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 88 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ 7,41,720. ഇവരിൽ 7,36,511 പേരും രോഗമുക്തി നേടി. 3064 പേർ ചികിത്സയിലുണ്ട്. ആകെ മരണം 2145.