ഷാർജ : ഇൻകാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറിയായി എസ്. മുഹമ്മദ് ജാബിറിനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ നാമനിർദേശം ചെയ്തു. പുന്നക്കൻ മുഹമ്മദാലിയെ നീക്കിയ ഒഴിവിലാണ് മുഹമ്മദ് ജാബിറിന് ചുമതല ലഭിച്ചത്.

കോൺഗ്രസിന്റെ പ്രവാസി സംഘടനയുടെ യു.എ.ഇ. അടക്കമുള്ള പുതിയ ജി.സി.സി. ഭാരവാഹികളെയും കെ.പി.സി.സി. തിരഞ്ഞെടുത്തു. ഇ.പി.ജോൺസൺ, അഡ്വ. ടി.കെ. ഹാഷിക്, മോഹൻദാസ് പി.കെ. എന്നിവരാണ് യു.എ.ഇ. യിലെ ഇൻകാസിന്റെ പുതിയ കൺവീനർമാർ. വർഗീസ് പുതുക്കുളങ്ങര (കുവൈത്ത്‌), രാജു കല്ലുംപുറം (ബഹ്‌റൈൻ), കുഞ്ഞി കുമ്പള, അഹമ്മദ് പുളിക്കൻ, ബിജു കല്ലുമല (സൗദി), സമീർ ഏറാമല (ഖത്തർ), സജി ഔസേപ്പ് (ഒമാൻ) എന്നിവരാണ് മറ്റു കൺവീനർമാർ.

യു.എ.ഇ. യിലെ കോൺഗ്രസ് പ്രവർത്തകരെ ഇൻകാസിന്റെ കീഴിൽ അണിനിരത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഹമ്മദ് ജാബിർ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹീം നയിക്കുന്ന വിശാല ജനകീയ മുന്നണിയുടെ എതിർപാനലിനുവേണ്ടി പ്രവർത്തിക്കുന്ന ഇൻകാസ് ഭാരവാഹികളുടെ പേരിൽ നടപടിയെടുക്കണോ വേണ്ടയോയെന്ന് കെ.പി.സി.സി. യുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഹമ്മദ് ജാബിർ വ്യക്തമാക്കി. എന്നാൽ ഇൻകാസിന്റെ പുതിയ നേതൃമാറ്റത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് യു.എ.ഇ. പ്രസിഡന്റ് വി. മഹാദേവൻ.

കെ.സുധാകരൻ കെ.പി.സി.സി. തലപ്പത്ത് എത്തിയതോടെയാണ് യു.എ.ഇ. അടക്കമുള്ള ഗൾഫുരാജ്യങ്ങളിലും പ്രവാസി കോൺഗ്രസ് സംഘടനയിൽ പുതിയ നേതൃത്വം ഉണ്ടാകുന്നത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന പുന്നക്കൻ മുഹമ്മദാലിയെ അടുത്തിടെയാണ് സംഘടനാ ഭാരവാഹിത്വത്തിൽനിന്നും അംഗത്വത്തിൽനിന്നും കെ.പി.സി.സി. പ്രസിഡന്റ് നീക്കിയത്.

പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തശേഷം ആദ്യമായി യു.എ.ഇ. യിലെത്തിയ വി.ഡി.സതീശന് സ്വീകരണം നൽകാൻ തീരുമാനിക്കുകയും പിന്നീട് റദ്ദാക്കപ്പെടുകയും ചെയ്ത സംഭവം ഇൻകാസിനിടയിൽ വലിയ വിവാദമായിരുന്നു.

വി.ഡി. സതീശൻ തിരിച്ച് കേരളത്തിലെത്തിയ ഉടനെയാണ് പുന്നക്കൻ മുഹമ്മദാലിയ്‌ക്കെതിരേ സംഘടനാതലത്തിൽ നടപടിയെടുത്തത്.

പുന്നക്കൻ മുഹമ്മദാലിയോടുള്ള എതിർപ്പിനാൽ ഇതുവരെ ദുബായ് ഇൻകാസ് കമ്മിറ്റി കേന്ദ്രകമ്മിറ്റിയുമായി നിസ്സഹകരിക്കുകയായിരുന്നു.