ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഒമ്പതുമണി മുതൽ 11 വരേയും ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് അഞ്ചുമണിവരെയുമാണ് തിരഞ്ഞെടുപ്പ് സമയം.

രാത്രി 10 മണിയോടെ ഫലമറിയാൻ കഴിയും. വിശാല ജനകീയമുന്നണി, വിശാല വികസനമുന്നണി, ദേശീയ ജനകീയമുന്നണി, ജനപക്ഷമുന്നണി എന്നിങ്ങനെയാണ് മത്സരരംഗത്തുള്ള വിവിധ സംഘടനകൾചേർന്നുള്ള മുന്നണികൾ. കൂടാതെ ഒരു സ്വതന്ത്രനും മത്സരിക്കുന്നു. മൊത്തം 48 പേരാണ് മത്സരിക്കുന്നത്. 2552 പേർക്കാണ് വോട്ടവകാശം.

പെയ്‌സ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മൊഹിസിനാണ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ. യു.എ.ഇ. യുടെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന വോട്ടർമാർക്കായി സൗജന്യ ബസ് സർവീസ് ഉണ്ടാവുമെന്നും അസോസിയേഷൻ അധികൃതർ അറിയിച്ചു. ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് തിരഞ്ഞെടുപ്പ്.

ദിവസങ്ങളായി മുന്നണികൾ സ്ഥാനാർഥികൾക്കുവേണ്ടി ഓൺലൈനിലും ടെലിഫോണിലുമായി പ്രചാരണത്തിലായിരുന്നു.

വിശാല ജനകീയമുന്നണി, വിശാല വികസനമുന്നണി എന്നിവർ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ വിളിച്ചുചേർക്കുകയും പ്രകടനപത്രിക പുറത്തിറക്കുകയും ചെയ്തു. ഷാർജയിലെ പച്ചക്കറി, തയ്യൽ തൊഴിലാളികൾ കൂടുതലുള്ള പ്രദേശങ്ങളിലടക്കം സ്ഥാനാർഥികളോടൊപ്പം മുന്നണി പ്രവർത്തകർ പ്രചാരണംശക്തമാക്കി.