ദുബായ് : ദുബായ് കിരീടാവകാശിയടക്കം പതിനായിരങ്ങൾ പങ്കെടുക്കുന്ന ദുബായ് റൺ വെള്ളിയാഴ്ച നടക്കും. ശൈഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള റോഡുകൾ നാലു മണിക്കൂറിലേറെ ദുബായ് റണ്ണിനായി അടച്ചിടും. ആരോഗ്യ സംരക്ഷണത്തിന് മുഖ്യപ്രാധാന്യം നൽകുന്ന ഭരണാധികാരികൾ അടക്കമുള്ളവർ പതിനായിരക്കണക്കിന് ആളുകൾക്കൊപ്പം ഓട്ടത്തിൽ പങ്കെടുക്കും. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ നടക്കുന്നത്.

കുടുംബങ്ങൾക്കായി ഒരുക്കുന്ന അഞ്ചുകിലോമീറ്റർ റൂട്ടും പ്രൊഫഷണൽ ഓട്ടക്കാർക്കായുള്ള 10 കിലോമീറ്റർ റൂട്ടും ഉണ്ട്. രാവിലെ ആറുമണിക്കാണ് ദുബായ് റൺ ആരംഭിക്കുക. പങ്കെടുക്കുന്നവർ പുലർച്ചെ നാലുമണിമുതൽ എത്തണം. 7.30-ഓടെ സ്റ്റാർട്ടിങ് ലൈൻ കടന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഓട്ടം പൂർത്തിയാക്കണം. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപമാണ് സ്റ്റാർട്ടിങ് ലൈൻ. എമിറേറ്റ്‌സ് ടവേഴ്‌സ്, ഡൗൺടൗൺ ദുബായ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കടന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ അവസാനിക്കും. അതേസമയം 10 കിലോമീറ്റർ റൂട്ട് തിരഞ്ഞെടുക്കുന്നവർ ദുബായ് മാൾ, ബുർജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് എന്നിവയിലൂടെയും കടന്നുപോകും.

ശൈഖ് സായിദ് റോഡിലെ ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ടെബൗട്ടിനും ദുബായ് മാൾ ബ്രിഡ്ജിലെ ആദ്യ ഇന്റർചേഞ്ച് വരെയുള്ള ഭാഗം പുലർച്ചെ നാലുമണിമുതൽ രാവിലെ ഒമ്പതുവരെ അടച്ചിടും.

ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ് പുലർച്ചെ നാലുമുതൽ രാവിലെ 10 വരെ ഇരുവശവും അടച്ചിടും. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് പുലർച്ചെ നാലുമുതൽ രാവിലെ 10 വരെ അടച്ചിരിക്കും. ദുബായ് റണ്ണിൽ പങ്കെടുക്കാനുള്ളവർക്കായി ദുബായ് മെട്രോ പ്രവർത്തനസമയം വെള്ളിയാഴ്ച നേരത്തെയാക്കിയിട്ടുണ്ട്. മെട്രോ റെഡ് ലൈൻ, ഗ്രീൻ ലൈൻ പുലർച്ചെ 3.30-ന് പ്രവർത്തനം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കാളിത്തം ഇരട്ടി

ദുബായ് : ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായിൽ നടപ്പാക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കാളിത്തം ഇരട്ടിയിലധികം. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽപ്പേർ വിവിധ കായികയിനങ്ങളിൽ ഭാഗമാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതായി സംഘാടകർ വ്യക്തമാക്കി. ചലഞ്ചിന്റെ ഭാഗമായി 2020-ൽ ശൈഖ് സായിദ് റോഡിൽ നടന്ന ഫിറ്റ്‌നസ് റണ്ണിൽ ഒരുലക്ഷം പേരാണ് ഭാഗമായത്.

പദ്ധതിയുടെ ഭാഗമായി എല്ലാപ്രായക്കാർക്കും കായികക്ഷമതയുമായി ബന്ധപ്പെട്ട സൗജന്യ ഓൺലൈൻ ക്ലാസുകളും ഒരുമാസക്കാലം ലഭ്യമാക്കുന്നതായി ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ. അഹമ്മദ് അൽ ഖാജ പറഞ്ഞു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സജീവ ഇടപെടൽ ചലഞ്ചിനെ കൂടുതൽ ജനകീയമാക്കാനുമായി. ദുബായിയെ ഏറ്റവും ചലനാത്മകമായ നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.