ദുബായ് : യു.എ.ഇ. ദേശീയദിനം ലോകം ഇനി മുതൽ അന്താരാഷ്ട്ര ഭാവിദിനമായി ആചരിക്കും. എല്ലാ വർഷവും ഡിസംബർ രണ്ടിന് ലോകം അന്താരാഷ്ട്ര ഭാവിദിനമായി ആഘോഷിക്കും. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ലോകഭാവിദിനമായി ആചരിക്കാൻ അംഗീകാരം നൽകി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഭാവിയെ ഉൾക്കൊള്ളാനും വരുംതലമുറയ്ക്ക് സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ദീർഘവീക്ഷണം, സന്നദ്ധത, നയരൂപവത്‌കരണം എന്നീമേഖലകളിൽ കഴിവുകൾ വികസിപ്പിക്കാനും ലോകരാജ്യങ്ങൾക്കുള്ള ക്ഷണമാണിതെന്ന് യുനെസ്‌കോ അധികൃതർ വ്യക്തമാക്കി

. ഭാവിയെ സങ്കൽപ്പിക്കാനും സൃഷ്ടിക്കാനുമുള്ള യു.എ.ഇ.യുടെ കഴിഞ്ഞ 50 വർഷങ്ങളിലെ ആഗോള പങ്കിനും സാമ്പത്തിക, വ്യാവസായിക, സാമൂഹിക മാറ്റങ്ങൾ നടപ്പാക്കുന്നതിലെ അസാധാരണമായ ശ്രമങ്ങൾക്കുമുള്ള ആദരവിന്റെ അടയാളമായാണ് ഈ അംഗീകാരം. അന്താരാഷ്ട്രസഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയമാർഗങ്ങൾ വികസിപ്പിക്കാൻകൂടി ഓർഗനൈസേഷൻ ശ്രമിച്ചുവരുന്നതായും അതിന്റെ ഭാഗമാണിതെന്നും യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രേ അസൗലേ അറിയിച്ചു. കഴിഞ്ഞദിവസം പാരീസിൽ സമാപിച്ച യുനെസ്‌കോയുടെ ജനറൽ കോൺഫറൻസിന്റെ 41-ാം സെഷനിലാണ് അംഗീകാരം നൽകിയത്.