അബുദാബി : കഷ്ടതയനുഭവിക്കുന്ന വിദ്യാർഥികൾക്ക് പഠന സഹായം ലഭ്യമാക്കുന്നതിനായി എമിറേറ്റ്‌സ് റെഡ് ക്രെസന്റും ലുലു ഗ്രൂപ്പ് ഇന്റർനാഷണലും അബുദാബി യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു.

പദ്ധതിയുടെ ഭാഗമായി 10 ദശലക്ഷം ദിർഹം സമാഹരിക്കുകയും നവംബർ 24 മുതൽ ഒരുവർഷത്തേക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ യൂണിവേഴ്‌സിറ്റി പഠനങ്ങൾക്കായി ചെലവഴിക്കുകയും ചെയ്യും. സാമൂഹിക വികസന വകുപ്പ് അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലും അബുദാബി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയും പദ്ധതിക്കാവശ്യമായ ധനസമാഹരണം നടത്തും. രണ്ടുദിർഹം മുതലുള്ള തുകകൾ നൽകി എല്ലാവർക്കും പദ്ധതിയുടെ ഭാഗമാകാം.

ഇത്തിസലാത്ത്, ഡു എന്നിവയിൽ ടെക്സ്റ്റ് മെസേജിലൂടെയും ഷാർജ ഇസ്ലാമിക് ബാങ്ക് വഴിയും (അക്കൗണ്ട് നമ്പർ - 11445518006, ഐ ബാൻ നമ്പർ AE350410000011445518006 ), എമിറേറ്റ്‌സ് റെഡ് ക്രെസന്റ് വെബ്‌സൈറ്റ് വഴിയും www.emiratesrc.ae 10 ദിർഹം മുതൽ 1000 ദിർഹം വരെയുള്ള സംഭാവനകൾ സമർപ്പിക്കാം. കഷ്ടതയനുഭവിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ സഹായം റെഡ് ക്രെസന്റ് സ്ഥിരമായി നടപ്പാക്കുന്ന പദ്ധതിയാണെന്ന് ലോക്കൽ അഫയർ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സലിം അൽ റായിസ് അൽ അമീരി പറഞ്ഞു.

യു.എ.ഇ. യുടെ പ്രതീക്ഷയോടെയുള്ള ഭാവിപ്രവർത്തനങ്ങളിൽ ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധത ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെയെന്ന് അബുദാബി അൽ ദഫ്‌റ റീജൺ ഡയറക്ടർ ടി.പി.അബൂബക്കർ പറഞ്ഞു.