ദുബായ് : എക്സ്‌പോ 2020 യിലെ ഇന്ത്യാ പവിലിയനിൽ വെള്ളിയാഴ്ച മുതൽ ടെക്സ്‌റ്റൈൽ വാരമായി ആഘോഷിക്കും. ഓൺലൈനിലൂടെ നടക്കുന്ന സമ്മേളനം കേന്ദ്ര ടെക്‌സ്റ്റൈൽ സഹമന്ത്രി ദർശന വി. ജർദോഷ് ഉദ്ഘാടനം ചെയ്യും. ലോകത്തെ വസ്ത്രവ്യാപാര മേഖലയിലെ കയറ്റുമതി രാജ്യങ്ങളിൽ രണ്ടാമത്തെ സ്ഥാനത്താണ് ഇന്ത്യ. ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് ആഗോള നിക്ഷേപകരെ കണ്ടെത്തുന്നതിനും ഇന്ത്യയുടെ ടെക്‌സ്റ്റൈൽ മേഖലയെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ടെക്‌സ്റ്റൈൽ വാരമായി ആഘോഷിക്കുന്നത്.

ഈ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അവസരം നൽകുന്ന ഇന്ത്യയിൽ നാലരകോടി ആളുകളാണ് പ്രവർത്തിക്കുന്നത്. ടെക്‌സ്റ്റൈൽ മന്ത്രാലയത്തിൽനിന്ന് ഉന്നതതല സംഘം എത്തുന്നുണ്ട്.