ദുബായ് : ഇന്റർപോളിന്റെ അടുത്ത നാലു വർഷത്തെ പ്രസിഡന്റായി യു.എ.ഇ. പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മേജർ ജനറൽ അഹ്മദ് നാസ്സർ അൽ റൈസിയാണ് ആഗോള പോലീസിന്റെ പുതിയ അധ്യക്ഷനാകുന്നത്. ഈസ്താംബൂളിൽ നടന്ന ഇന്റർപോളിന്റെ വാർഷിക സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഫ്രാൻസിലെ ലിയോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ക്രൈം ഫൈറ്റിങ് ഏജൻസിയുടെ തലവനായി മേജർ ജനറൽ അഹ്മദ് നാസ്സർ അൽ റൈസി സേവനമനുഷ്ഠിക്കും.

ഇന്റർപോൾ സ്ഥാപിതമായതിനുശേഷം ഗൾഫിൽനിന്ന് ഈ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യയാളാണ് അഹ്മദ് അൽ റൈസി. ഇന്റർപോളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് പുതിയ നിയമനത്തെ സ്വാഗതം ചെയ്തു.