ദുബായ് : സൗദി അറേബ്യയിൽ 1,194 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,164 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ 12 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ 90,028 കോവിഡ് പരിശോധനകൾകൂടി നടത്തി. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 518,143 ആയി. ഇതിൽ 499,129 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,167 ആയി ഉയർന്നു. നിലവിൽ 10,847 പേർ ചികിത്സയിലുണ്ട്. ഇതിൽ 1,408 പേരുടെ നില ഗുരുതരമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 293, കിഴക്കൻ പ്രവിശ്യ 226, മക്ക 183, അസീർ 122, ജീസാൻ 92, അൽഖസീം 70, മദീന 54, ഹായിൽ 53, നജ്‌റാൻ 39, അൽബാഹ 21, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 14, അൽജൗഫ് അഞ്ച്.

യു.എ.ഇ.യിൽ 1,528 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,491 പേർ സുഖം പ്രാപിക്കുകയും നാല് പേർ മരിക്കുകയും ചെയ്തു. പുതിയതായി നടത്തിയ 2,32,307 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 6,71,636 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,49,173 പേർ രോഗമുക്തരാവുകയും 1,920 പേർ മരിക്കുകയും ചെയ്തു. നിലവിൽ 20,543 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഒമാനിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 4912 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3753 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം മരിച്ചത്. ആകെ കേസുകളുടെ എണ്ണം 2,93,954 ആയി. ഇവരിൽ 2,75,760 പേരാണ് രോഗമുക്തരായത്. ഇപ്പോൾ 93.8 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 3753 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 786 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 315 പേർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

ഖത്തറിൽ 126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 137 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 1622 ആയി. ആകെ മരണം 600 ആണ്. 28 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.