ദുബായ് : ഇത്തിഹാദ് റെയിൽപദ്ധതിയിലെ ദുബായിൽനിന്ന് ഫുജൈറയിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയുടെ ഖനനം പൂർത്തിയായി. പദ്ധതി പൂർത്തിയാക്കിയത് ചൈനീസ് സിവിൽ എൻജിനിയറിങ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ്. ഹജർ പർവതനിരയിലെ 1.8 കിലോമീറ്റർ തുരങ്കപാതയുടെ നിർമാണമാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. ഭൂപ്രദേശത്തിന്റെ പ്രത്യേകതമൂലം ചെറിയ സ്ഫോടനങ്ങൾ നടത്തിയായിരുന്നു പൂർത്തീകരണം. ഇതോടെ എ, ബി, സി, ഡി. എന്നിങ്ങനെയുള്ള പദ്ധതിയിലെ പാക്കേജ് ഡി. പൂർത്തിയായിക്കഴിഞ്ഞു.

2019 ഡിസംബറിലാണ് ഇത്തിഹാദ് റെയിൽ പദ്ധതി വടക്കൻ എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പ്രധാന നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ പാക്കേജ് ഡി.ക്ക്‌ 460 കോടി ദിർഹം അനുവദിച്ചിട്ടുണ്ട്. ദുബായ്-ഷാർജ അതിർത്തിയിൽനിന്നുള്ള 145 കിലോമീറ്റർ പാത ഖോർഫക്കാൻ, ഫുജൈറ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് പോവുക. ഇതിൽ ഹജർ പർവതനിരകളിലൂടെ ആകെ 16 കിലോമീറ്റർ വരുന്ന 15 ടണലുകൾ, 35 മേൽപ്പാലങ്ങൾ, 32 അണ്ടർപാസുകൾ എന്നിവയും ഉൾപ്പെടും. സൗദിയുടെ അതിർത്തിയിലുള്ള ഗുവൈഫത്ത് മുതൽ ഫുജൈറ വരെ 600 കിലോമീറ്ററിലേറെയുള്ള ട്രാക്കാണ് ഈ ഘട്ടത്തിൽ യാഥാർഥ്യമാവുക.

2009-ൽ ആരംഭിച്ച 1200 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യഘട്ടം 2015-ൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതുവഴി 70 ലക്ഷംടൺ ചരക്കുനീക്കം നടക്കുന്നുണ്ട്.

അൽ ദഫ്രയിലെ ഷാ, ഹബ്ഷൻ വാതകമേഖല, റുവൈസ് തുറമുഖം വരെയുള്ളതാണ് പാത. ഇതിലൂടെ പ്രതിദിനം 22,000 ടൺ സൾഫർ കൊണ്ടുപോകുന്നുണ്ട്. റെയിൽ ശൃംഖല പൂർത്തിയായി യു.എ.ഇ.യിലെ വ്യാവസായിക കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ അതിവേഗ ചരക്കുനീക്കം സാധ്യമാകും.

മൂന്ന് ഘട്ടങ്ങളായാണ് ഇത്തിഹാദ് റെയിൽ യാഥാർഥ്യമാവുക. 4000 കോടി ദിർഹം ചെലവിൽ ഇത്തിഹാദ് റെയിൽപദ്ധതി പൂർത്തിയാകുന്നതോടെ യു.എ.ഇ.യുടെ സാമ്പത്തിക സാമൂഹിക ടൂറിസം രംഗത്ത് വൻ കുതിപ്പുണ്ടാകും. ഇതിനായുള്ള തുരങ്കനിർമാണം ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ അതിവേഗമാണ് പുരോഗമിക്കുന്നത്.