അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവിൽ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി. അടുത്ത പത്ത് ദിവസങ്ങളിൽ ജി.സി.സി.യടക്കമുള്ള രാജ്യങ്ങളിലെ 198 ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഫെസ്റ്റ് നടക്കും.
ഇന്ത്യയിൽനിന്നുള്ള ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവ കുറഞ്ഞവിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ തുറന്നിടുന്നത്. ഇതോടൊപ്പം കലാ സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഓരോ ശാഖകളിലും നടക്കും.
പഴം പച്ചക്കറികൾ, മത്സ്യ മാംസ ഇനങ്ങൾ, വസ്ത്രങ്ങൾ എന്നിവയടക്കം ഇന്ത്യയിൽനിന്നുള്ള പതിനായിരത്തോളം ഉത്പന്നങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്. പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ വലിയ നിരയും ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും ഇന്ത്യൻ സ്ഥാനപതിമാർ ഫെസ്റ്റിന്റെ ഉദ്ഘാടനം നടത്തി.
അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല പങ്കെടുത്തു.
മഹാമാരിയുടെ സമയത്ത് മേഖലയിലെ ഭക്ഷ്യ സുരക്ഷയുറപ്പാക്കുന്നതിൽ ലുലു നിർണായക ശ്രമങ്ങളാണ് നടത്തിയതെന്ന് പവൻ കപൂർ പറഞ്ഞു. ഇന്ത്യാ ഫെസ്റ്റ് വിപണി വീണ്ടും സജീവമാകുന്നതിന്റെ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 18 വർഷമായി ലുലു ഇന്ത്യാ ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. ഫെസ്റ്റിന്റെ വിജയത്തിന് എല്ലാ വിതരണ പങ്കാളികൾക്കും നന്ദിയറിയിക്കുന്നതായും സൈഫി രൂപാവാല പറഞ്ഞു.
സൗദി റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ഔസുഫ് സായിദ് സൗദി ലുലു ഡയറക്ടർ ഷെഹിം മുഹമ്മദിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈൻ ദാന മാളിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപാവാലയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് അൽ റായ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു കുവൈത്ത്, ഇറാഖ് ഡയറക്ടർ മൊഹമ്മദ് ഹാരിസ്, കുവൈത്ത് റീജണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
ഖത്തർ അൽ ഗറാഫ ലുലുവിൽ നടന്ന ചടങ്ങിൽ ഡയറക്ടർ മുഹമ്മദ് അൽത്താഫിന്റെ സാന്നിധ്യത്തിൽ സ്ഥാനപതി ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു.