ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസിയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണമെന്ന് മലബാർ പ്രവാസി പ്രതിനിധികളായ അഷ്‌റഫ് താമരശ്ശേരി, അൻവർ നഹ, മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, ഫൈസൽ മലബാർ തുടങ്ങിയവർ ആവശ്യപ്പെട്ടു. സർക്കാർ സർക്കുലറുകളുടെ വ്യക്തതക്കുറവുമൂലം പ്രവാസികുടുംബങ്ങൾ യാത്രാക്ലേശം അനുഭവിക്കുകയാണ്. ചെറിയ കുട്ടികളെയെങ്കിലും പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശ കാര്യ സഹമന്ത്രി എന്നിവരോട് സംഘം ആവശ്യപ്പെട്ടു.

വിവേചനം പിൻവലിക്കണം

കേന്ദ്രസർക്കാരിന്റെ പുതിയ യാത്രാമാനദണ്ഡം പ്രവാസികളോടുള്ള വിവേചനമാണെന്നും പിൻവലിക്കണമെന്നും ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്‌ഷൻ മിഷൻ (എച്ച്.ആർ.പി.എം.) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല, ഡോ. വി. അബ്ദുൽ ലത്തീഫ് (ഹ്യൂമൻ നാഷണൽ സെക്രട്ടറി) മുനീർ പാണ്ടിയാല (ചീഫ് മീഡിയ കോ-ഓർഡിനേറ്റർ) എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സയ്ക്കായും മറ്റും നാട്ടിൽ വരുന്നവർക്കും പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തികഭാരം വലുതാണ്.

സാമ്പത്തികബാധ്യത ഉണ്ടാക്കരുത്

അബുദാബി : കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് കൂടുതൽ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്ന രീതിയിൽ ഏർപ്പെടുത്തിയ നിബന്ധനകൾ പുനഃപരിശോധിക്കണമെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി.കൃഷ്ണകുമാറും ജനറൽ സെക്രട്ടറി ലൈന മുഹമ്മദും ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം മുതൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പ്രവാസികളോട് സർക്കാർ സ്വീകരിക്കുന്ന ഈ സമീപനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ വികസനപ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളിൽനിന്ന് പരിശോധനയ്ക്ക് പണം ഈടാക്കുന്നത് കടുത്ത അനീതിയാണ്.

അബുദാബി മലയാളിസമാജം

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്രാചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾ മലയാളികൾക്കുണ്ടാക്കുന്ന മാനസികസംഘർഷങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മനസ്സിലാക്കണമെന്ന് അബുദാബി മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് സലിം ചിറക്കൽ ആവശ്യപ്പെട്ടു. നിലവിലെ പ്രതികൂല തൊഴിൽ സാഹചര്യങ്ങളിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പരിശോധനയുടെ പേരിൽ നടത്തുന്ന കൊള്ള താങ്ങാനാവാത്തതാണ്.

ഐ.എം.സി.സി. റാസൽഖൈമ

നാട്ടിലേക്കുപോകുന്ന പ്രവാസികളെ കോവിഡിന്റെ പേരിൽ ചൂഷണം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ഐ.എം.സി.സി. റാസൽഖൈമ പ്രസിഡന്റ് സലിക്, ജനറൽ സെക്രട്ടറി ജാഫർ എന്നിവർ അഭിപ്രായപ്പെട്ടു.

കുടുംബവുമായി ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുന്നവർക്ക് വലിയൊരു സംഖ്യ കൈയിൽ കരുതേണ്ട അവസ്ഥയാണ്. എത്രയുംപെട്ടെന്ന് മാനദണ്ഡം പിൻവലിച്ച് പ്രവാസികൾക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളണം.

ഫോസ്റ്റ ഷാർജ

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന പി.സി.ആർ. പരിശോധനയ്ക്ക് പണം ഈടാക്കുന്നത് ഇരട്ടനീതിയും പ്രവാസികളോട് പുലർത്തുന്ന ഇരട്ടത്താപ്പുമാണ്. ഓരോ യാത്രക്കാരനും പണം നൽകി വീണ്ടും പരിശോധന നടത്തണമെന്ന നിബന്ധന പിൻവലിക്കുകയും പരിശോധന സൗജന്യമാക്കുകയും കുട്ടികളെ പരിശോധനകളിൽനിന്ന് ഒഴിവാക്കുകയും ചെയ്യണമെന്ന് ഫ്രണ്ട്‌സ് ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഏജൻറ്‌സ് (ഫോസ്റ്റ) യോഗം ആവശ്യപ്പെട്ടു.