ദുബായ് : എമിറേറ്റ്‌സ് എയർലൈനും ദുബായ് ഹെൽത്ത് അതോറിറ്റിയും (ഡി.എച്ച്.എ.) സംയുക്തമായി കോവിഡ് പരിശോധനയും വാക്സിനേഷനുമായി ബന്ധപ്പെട്ട ട്രാവലർ മെഡിക്കൽ റെക്കോഡുകളുടെ ഡിജിറ്റൽ പരിശോധന നടപ്പാക്കുന്നു. ഡി.എച്ച്.എ. അംഗീകാരമുള്ള ലബോറട്ടറികളുടെ ഐ.ടി. സംവിധാനങ്ങളെ എമിറേറ്റ്‌സിന്റെ റിസർവേഷനുകളുമായും ചെക്ക് ഇൻ സംവിധാനങ്ങളുമായും ബന്ധിപ്പിക്കും. ഇതിലൂടെ യാത്രക്കാരുടെ കോവിഡ് പി.സി.ആർ പരിശോധനാഫലം, വാക്സിനേഷൻ തുടങ്ങിയ ആരോഗ്യവിവരങ്ങൾ പങ്കിടുകയും പുനഃപരിശോധിക്കുകയും ചെയ്യും. പദ്ധതി വരുംമാസങ്ങളിൽത്തന്നെ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽമക്തൂം പറഞ്ഞു. 290 എയർലൈനുകളെ പ്രതിനിധാനംചെയ്യുന്ന ആഗോള വാണിജ്യസ്ഥാപനമായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐ.എ.ടി.എ.) കോവിഡ് പരിശോധനയ്ക്കും സർട്ടിഫിക്കേഷനുമായി ആഗോളരീതി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. പുതിയ ഡിജിറ്റൽ പരിശോധനാരീതി ഉടൻ ലോകമെമ്പാടുമുള്ള എയർലൈൻസും ഏവിയേഷൻ അധികാരികളും പരീക്ഷണാടിസ്ഥാനത്തിൽ സജ്ജമാക്കികഴിഞ്ഞു.