കുവൈത്ത് : ലുലു ഗ്രൂപ്പിന്റെ 202-ാമത് ബ്രാഞ്ച് കുവൈത്തിലെ സാൽമിയയിൽ പ്രവർത്തനമാരംഭിച്ചു. കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ ചെയർമാൻ ശൈഖ് അഹമ്മദ് യൂസഫ് അൽസബ ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഓൺലൈൻവഴി ചടങ്ങിൽ സംബന്ധിച്ചു. കുവൈത്തിലെ ലുലുവിന്റെ 11-ാമത് ശാഖയാണ് സാൽമിയ ടെറസ് മാളിൽ തുടങ്ങിയത്. 25,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള എക്സ്‌പ്രസ് മാർക്കറ്റ് സാൽമിയയിലെയും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള വൈവിധ്യമാർന്ന ഉത്‌പന്നങ്ങളുടെ വിപുലമായ ശേഖരമാണ് സാൽമിയ ലുലുവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്

കുവൈത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ ഹൈപ്പർമാർക്കറ്റുകൾ കുവൈത്തിൽ ആരംഭിക്കും.

ചടങ്ങിൽ ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജണൽ ഡയറക്ടർ ശ്രീജിത്, റീജണൽ മാനേജർ അബ്ദുൽഖാദർ ശൈഖ് എന്നിവരും സംബന്ധിച്ചു.