ദുബായ് : ഇന്ത്യയുടെ വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയൽ യു.എ.ഇ. വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമദ് അൽ സയൂദിയെ എക്സ്‌പോ 2020 ദുബായുടെ വിജയത്തിനായി ആശംസകൾ നേർന്നു. സമഗ്രമായ സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ ഉഭയകക്ഷിചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം വിജയാശംസകൾ അറിയിച്ചത്. ഡോ. താനി ബിൻ അഹമദ് അൽ സയൂദിയും യു.എ.ഇ.യിലെ ഉന്നതതലസംഘവും നിലവിലുള്ള വ്യാപാരനിക്ഷേപബന്ധം വിപുലീകരിക്കുന്നതുൾപ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി ഇപ്പോൾ ഡൽഹിയിലാണ്.

എക്‌സ്‌പോയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാനാവുമെന്നും പീയുഷ് ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സ്‌പോയിലെ ഇന്ത്യൻ പവിലിയൻ പിയുഷ് ഗോയൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം വായിക്കും. ഉദ്ഘാടന രാത്രി ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.