ദുബായ് : അടുത്ത മാസംമുതൽ എല്ലാവിദ്യാർഥികളും ദുബായിലെ സ്കൂളുകളിൽ നേരിട്ടുള്ള പഠനത്തിനെത്തും. ഒക്ടോബർ മൂന്നുമുതൽ എല്ലാ വിദ്യാർഥികളെയും കാമ്പസിലേക്ക് സ്വാഗതംചെയ്യാൻ സ്കൂളുകളെല്ലാം 100 ശതമാനം തയ്യാറെടുപ്പുകൾ പൂർത്തിയാക്കികഴിഞ്ഞു.

കോവിഡ് സുരക്ഷാനടപടികൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു. സ്കൂളുകളിൽ ക്ലാസ് റൂമുകളും ഇരിപ്പിടങ്ങളും സ്കൂൾ ബസുകളിലെ ഇരിപ്പിടങ്ങളും പുനഃക്രമീകരിച്ചു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സ്കൂൾ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ നിലവിൽനടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾക്കും ബോധവത്‌കരണം നൽകുന്നുണ്ട്.

നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.) നിശ്ചയിച്ച തീയതിക്ക് ശേഷം ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. വിദേശത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് ശേഷം ഓൺലൈൻ പഠനംതന്നെ തിരഞ്ഞെടുക്കാം. അതേസമയം പുതിയ അധ്യയനവർഷത്തിൽ ഓഗസ്റ്റ് 29-ന് തന്നെ ഏറെക്കുറെ വിദ്യാർഥികളും കാമ്പസിൽ തിരിച്ചെത്തിയതായി സ്കൂൾ മേധാവികൾ പറഞ്ഞു.

കോവിഡ് മഹാമാരിയൊതുങ്ങി സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തുന്നതിന് മുൻപുതന്നെ രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിച്ച് ആത്മവിശ്വാസം വളർത്താൻ പതിവായി വർക്ക്‌ഷോപ്പുകൾ നടത്തുന്നുണ്ട്. ഇതിനുപുറമെ പഠനത്തിന് വീട്ടിൽ പിന്തുണയുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ ഇടയ്ക്കിടെ ആശയവിനിമയവും നടത്തിവരുന്നു.

സ്കൂൾ യാത്രകൾ, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം വിദ്യാർഥികളെ സാമൂഹികമായി അഭിവൃദ്ധിപ്പെടുത്താനും പഠനത്തിൽ മികച്ച പുരോഗതി കൈവരിക്കാനും സഹായിക്കും. 18 മാസത്തെ ഓൺലൈൻ പഠനത്തിനുശേഷം തിരിച്ചെത്തുന്ന കുട്ടികളുടെ ആശങ്കകൾ പരിഹരിക്കാൻ സംവിധാനമൊരുക്കിയതായി ദുബായ് അമിറ്റി സ്കൂൾ പ്രിൻസിപ്പൽ സംഗീത പറഞ്ഞു.