റിയാദ് : കോവിഡ് പശ്ചാത്തലത്തിൽ യാത്രാനിരോധനം നിലനിൽക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ സന്ദർശകവിസാ കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടിയതായി സൗദി അറേബ്യ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കോവിഡിനെത്തുടർന്ന് ചില രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ കാലാവധി അവസാനിച്ച സന്ദർശകവിസയുടെ ഉടമകളായിരിക്കും ഇതിന്റെ ഗുണഭോക്താക്കളെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയടക്കമുള്ള രാജ്യക്കാർക്ക് നേരിട്ട് സൗദിയിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രഖ്യാപനം ഇത്തരം രാജ്യങ്ങളിൽനിന്നുള്ള കാലാവധി അവസാനിച്ച സന്ദർശക വിസക്കാർക്ക് ഉപകാരപ്പെടും. ഇന്ത്യ, പാകിസ്താൻ, ഇൻഡൊനീഷ്യ, ഈജിപ്ത്, തുർക്കി, ബ്രസീൽ, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താൻ, ലെബനൻ എന്നിവയാണ് നിലവിൽ സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങൾ.