ദുബായ് : ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റൺ നവംബർ 26 വെള്ളിയാഴ്ച നടക്കും. റണ്ണിങ് ട്രാക്കായി മാറുന്ന പ്രധാന റോഡുകളെല്ലാം ആറുമണിക്കൂർവരെ അടച്ചിടും. യാത്രക്കാർ സമാന്തരറോഡുകൾ ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. പതിനായിരക്കണക്കിന് ആളുകൾ ദുബായ് റണ്ണിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

കുടുംബങ്ങൾക്കായി പ്രത്യേകം രൂപകൽപ്പനചെയ്ത അഞ്ചുകിലോമീറ്റർ റൂട്ടും പ്രൊഫഷണൽ ഓട്ടക്കാർക്കായുള്ള 10 കിലോമീറ്റർ റൂട്ടും ഉണ്ട്. രാവിലെ ആറു മണിക്കാണ് ദുബായ് റൺ ആരംഭിക്കുക. പങ്കെടുക്കുന്നവർ പുലർച്ചെ നാലുമണിമുതൽ എത്തണം. 7.30-ഓടെ സ്റ്റാർട്ടിങ് ലൈൻ കടന്ന് രണ്ട് മണിക്കൂറിനുള്ളിൽ റൂട്ട് പൂർത്തിയാക്കണം. പങ്കെടുക്കുന്നവർ രജിസ്‌ട്രേഷനിൽ നൽകിയിരിക്കുന്ന ക്യൂ.ആർ. കോഡ് കരുതണം.

മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപമാണ് സ്റ്റാർട്ടിങ് ലൈൻ. എമിറേറ്റ്‌സ് ടവേഴ്‌സ്, ഡൗൺടൗൺ ദുബായ് തുടങ്ങിയ ലാൻഡ്മാർക്കുകൾ കടന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ അവസാനിക്കും. അതേസമയം 10 കിലോമീറ്റർ റൂട്ട് തിരഞ്ഞെടുക്കുന്നവർ ദുബായ് മാൾ, ബുർജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് എന്നിവയിലൂടെയും കടന്നുപോകും.

ദുബായ് റൺ നടക്കുന്ന പ്രധാന റോഡുകൾ

ശൈഖ് സായിദ് റോഡ് (ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ടെബൗട്ടിനും ദുബായ് മാൾ ബ്രിഡ്ജിലെ ആദ്യ ഇന്റർചേഞ്ച് വരെ) പുലർച്ചെ നാലുമണിമുതൽ രാവിലെ ഒമ്പതുവരെ അടച്ചിടും. അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ് വഴി-അൽ ഖൈൽ റോഡ്, അൽ സഫ സ്ട്രീറ്റ് വഴി അൽ വാസൽ റോഡ് എന്നിവയാണ് സമാന്തരറോഡുകൾ.

ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ് പുലർച്ചെ നാലുമുതൽ രാവിലെ 10 വരെ ഇരുവശവും അടച്ചിടും. അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ് ഒരു ബദൽ റോഡായി ഉപയോഗിക്കാം.

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് പുലർച്ചെ നാലുമുതൽ രാവിലെ 10 വരെ അടച്ചിരിക്കും. ബുർജ് ഖലീഫ സ്ട്രീറ്റ് ആണ് സമാന്തരപാത.

സെക്കന്റ് സഅബീൽ റോഡിനും ഫിനാൻഷ്യൽ സെന്റർ റോഡിനും ഇടയിലുള്ള അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് രാവിലെ 6.30 മുതൽ 10.30 വരെ അടച്ചിടും. അൽ സുഖൂക്ക് സ്ട്രീറ്റും അൽ ബോർസ സ്ട്രീറ്റുമാണ് ഇതരറോഡുകൾ.

മെട്രോ പുലർച്ചെ 3.30 മുതൽ

ദുബായ് റണ്ണിൽ പങ്കെടുക്കാനുള്ളവർക്കായി ദുബായ് മെട്രോ പ്രവർത്തനസമയം വെള്ളിയാഴ്ച നേരത്തെയാക്കും. മെട്രോ റെഡ് ലൈൻ, ഗ്രീൻ ലൈൻ പുലർച്ചെ 3.30-ന് പ്രവർത്തനംതുടങ്ങും.

സെന്റർപോയിന്റ്, ഇത്തിസലാത്ത്, ജെബൽഅലി, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ബുർജുമാൻ, മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റിസെന്റർ ദേര, ഇബ്ൻ ബത്തൂത മാൾ മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് ലഭ്യമാണ്. വെള്ളിയാഴ്ചമാത്രം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സൗജന്യ പാർക്കിങ് ലഭിക്കും.