ദുബായ് : ലോക മഹാമേളയായ എക്സ്‌പോയിലും യു.എ.ഇ. ദേശീയദിനത്തോടനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികൾ അരങ്ങേറും. വെടിക്കെട്ട് ഉൾപ്പെടെ വിവിധ പരിപാടികളാണ് എക്സ്‌പോ വേദികളിലുണ്ടാവുക. ഡിസംബർ ഒന്നുമുതൽ നാലുദിവസം നൂറ്റിയമ്പതിലേറെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ ഷോകളുണ്ടായിരിക്കും. രാവിലെ ഒമ്പതുമണിക്ക് തുടങ്ങി പിറ്റേന്ന് പുലർച്ചെ രണ്ടുമണിവരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളായിരിക്കുമെന്ന് എക്സ്‌പോ 2020 എക്സിക്യുട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽഹൗൾ പറഞ്ഞു.ഡിസംബർ രണ്ടിന് അൽവാസൽ പ്ലാസയിൽ പതാക ഉയർത്തലോടെയാണ് യു.എ.ഇ. ദേശീയദിന ചടങ്ങിന് ഔദ്യോഗിക തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ ദേശീയഗാനം ആലപിക്കും.

ചരിത്രത്തിൽതന്നെ ആദ്യമായാണ് ഒരുരാജ്യം ലോകരാജ്യങ്ങളോടൊപ്പം ചേർന്ന് ദേശീയദിനം ആഘോഷിക്കുന്നത്. ലോകമെല്ലാം യു.എ.ഇ.യിലേക്ക് ഉറ്റുനോക്കുന്ന എക്സ്‌പോ വേളയിലാണ് രാജ്യം ദേശീയദിനം കൊണ്ടാടുന്നത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളിൽനിന്നുമുള്ള കലാകാരന്മാർ അൽവാസൽ പ്ലാസയുടെ പ്രധാനവേദിയിൽ വർണാഭമായ പരേഡിൽ പങ്കെടുക്കും. എക്സ്‌പോയിലെ ജൂബിലി സ്റ്റേജിലും മില്ലേനിയം ആംഫി തിയേറ്ററിലും വിവിധ പരിപാടികൾ സന്ദർശകരെ കാത്തിരിക്കുന്നുണ്ടെന്നും അംന അബുൽഹൗൾ വ്യക്തമാക്കി. ലോകമേള ആസ്വദിക്കാൻ ദിനംപ്രതി ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഡിസംബറിലും എക്സ്‌പോ ടിക്കറ്റിൽ പ്രത്യേക ആനുകൂല്യങ്ങളുണ്ടാകുമെന്നാണ് വിവരം. അതേസമയം ഇതുവരെ എത്തിയ സന്ദർശകരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 1,20,000 പേരാണ് നവംബർ മാസത്തിലെ 45 ദിർഹം വീക്ക്‌ഡേ പാസ് ഓഫർ പ്രയോജനപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ വിപുലമായ ആഘോഷമാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിക്കുന്നത്. അവധിദിനങ്ങൾ പ്രഖ്യാപിച്ചു ദുബായ്: യു.എ.ഇ.യിൽ സ്മരണദിനവും ദേശീയദിനവും പ്രമാണിച്ചുള്ള അവധിദിവസങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്‌സസ് ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പുപ്രകാരം സർക്കാർ ജീവനക്കാർക്ക് ഡിസംബർ ഒന്ന് ബുധനാഴ്ചമുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ചവരെ അവധിയായിരിക്കും.ഡിസംബർ നാല് ശനിയാഴ്ച വാരാന്ത്യ അവധികൂടി ലഭിക്കുന്നതിനാൽ ഫലത്തിൽ നാലുദിവസത്തെ അവധി ലഭിക്കും. ഡിസംബർ അഞ്ച് ഞായറാഴ്ചയായിരിക്കും അവധിക്കുശേഷം ഓഫീസുകളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. അതേസമയം സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഡിസംബർ ഒന്നുമുതൽ മൂന്നുവരെയാണ് അവധി.

പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കി

അബുദാബി : ദേശീയദിനാഘോഷം ഓർമയിൽ സൂക്ഷിക്കാനും രാജ്യത്തോടുള്ള സ്നേഹം പ്രദർശിപ്പിക്കുന്നതിനും അബുദാബി പോലീസ് അവസരം ഒരുക്കുന്നു.

50 എന്ന സീരീസിൽ പുതിയ നമ്പർ പ്ളേറ്റ് പുറത്തിറക്കിയാണ് അബുദാബി പോലീസ് രാജ്യത്തോടുള്ള സ്നേഹം പ്രഖ്യാപിക്കാൻ അവസരം നൽകുന്നത്. നിലവിലുള്ള നമ്പർ പ്ളേറ്റുകൾ മാറ്റിയെടുക്കുന്നതിനും അനുമതിയുണ്ട്.

പുതിയ നമ്പർ പ്ളേറ്റുകൾ ഇപ്പോൾ ലഭ്യമാണെന്നും താത്‌പര്യമുള്ളവർക്ക് ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഡയറക്ടറേറ്റിൽ സമീപിക്കാമെന്നും പോലീസ് അറിയിച്ചു.