ദുബായ് : ഡിസംബറിന്റെ തണുപ്പിൽ എക്സ്‌പോ വേദികളിൽ സമ്മാനപ്പൊതികളുമായി സാന്റയെത്തും.

പഞ്ഞിക്കെട്ടുപോലുള്ള നീളൻ താടിയും ചുവന്ന ഗൗണിനുള്ളിൽ ഒളിപ്പിച്ച കുടവയറും തൊപ്പിയും തോളിൽ സമ്മാനപ്പൊതികൾ നിറഞ്ഞ ഭാണ്ഡവുമായി സന്ദർശകർക്ക് വേറിട്ട അനുഭവമായിരിക്കും സാന്റ നൽകുക. ഫിൻലൻഡ് പവിലിയനിൽ ഡിസംബറിലെത്തുന്ന സന്ദർശകർക്ക് സാന്റയെ നേരിൽ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഫിൻലൻഡിലെ കൊർവാതുന്തുരി മലഞ്ചെരിവുകളിൽനിന്നുള്ള യഥാർഥ സാന്റയാണ് വിമാനം കയറി എക്സ്‌പോ ഫിൻലൻഡ് പവിലിയനിൽ ഡിസംബർ 17-ന് ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾക്കെത്തുക. ഡിസംബർ 22 വരെ പവിലിയനിലെത്തുന്ന കുട്ടികൾക്ക് സാന്റ സമ്മാനങ്ങൾ നൽകും. ഏവർക്കും സന്തോഷം പകരുകയെന്ന ആശയത്തിലാണ് പ്രവർത്തനങ്ങൾ നടക്കുക.