അബുദാബി : ദേശീയദിന ആഘോഷപരിപാടികളുടെ വിശദമായ സമയക്രമം അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം പുറത്തുവിട്ടു. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ഇരുപതിലേറെ പ്രത്യേക ആഘോഷപരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സംസ്കാരം, നാനാത്വം, ജനങ്ങൾ എന്നീ ഘടകങ്ങളെ പ്രത്യേകമായി എടുത്ത് കാട്ടുന്ന രീതിയിലാണ് ആഘോഷങ്ങളെന്നും അധികൃതർ അറിയിച്ചു. അബുദാബി സിറ്റി, അൽഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലായി ഡിസംബർ രണ്ടിന് പ്രത്യേക വെടിക്കെട്ട് നടക്കും. കൂടാതെ രണ്ടിനും മൂന്നിനും രാത്രി ഒമ്പതിന് അൽ മരിയ ഐലൻഡിൽ പ്രത്യേക വെടിക്കെട്ടുണ്ടാകും. ഡിസംബർ ഒന്നിന് ഇറാഖി കലാകാരൻ മജീദ് അൽ മൊഹാന്ദിസ്, ഇറാഖി ഗാനരചയിതാവ് അസീൽ ഹമീം എന്നിവർ എമിറേറ്റ്‌സ് പാലസിൽ പ്രത്യേക സംഗീതപരിപാടികൾ അവതരിപ്പിക്കും. കൂടാതെ ഖസ്ർ അൽ ഹോസനിൽ ഇമിറാത്തി ഗായകൻ ഹമദ് അൽ അമീരിയും, ലൂവ്ര് അബുദാബിയിൽ ഇമിറാത്തി ഗായകൻ അഹ്‌ലവും പ്രത്യേക സംഗീത പരിപാടികൾ അവതരിപ്പിക്കും.

അബുദാബി സ്പോർട്‌സ് ഏവിയേഷൻ ക്ലബ് പ്രത്യേക സ്‌കൈ ഡൈവിങ് പ്രദർശനം പ്രഖ്യാപിച്ചിട്ടുണ്ട്. ജസീറ ക്ലബ്ബിന്റെ സഹായത്തോടെ അമ്പതോളം വിമാനങ്ങൾ പങ്കെടുക്കുന്ന ഒരു ഫ്‌ലൈ-ഓവറും ഉണ്ടാകും. ബവാബത്ത് അൽ ശർഖ് മാളിൽ നാഷണൽ ഡേ ഫ്ളാഷ് മോബ് സംഘടിപ്പിക്കും. ബൈത് മുഹമ്മദ് ബിൻ ഖലീഫ, അൽ ജഹ്‌ലി ഫോർട്ട് എന്നിവിടങ്ങളിൽ രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. യാസ് ഐലൻഡിൽ 50 ദിവസത്തെ പ്രത്യേക ഇളവുകളും മത്സര പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.