കുവൈത്ത് സിറ്റി : വിസ നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്‌ കുവൈത്ത് മാൻപവർ പബ്ലിക് അതോറിറ്റി തീരുമാനിച്ചു. വാണിജ്യ സന്ദർശന വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് കോവിഡ് എമർജൻസി കമ്മിറ്റിയുടെ നിർദേശം അനുസരിച്ച് നിർത്തിവെച്ചു.

കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് മന്ത്രിസഭാസമിതി എല്ലാ തരത്തിലുമുള്ള വിസ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയത്. വാണിജ്യ സന്ദർശനവിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിനും അനുമതി നൽകിയിരുന്നു.

എന്നാൽ കോവിഡ് എമർജൻസി കമ്മിറ്റി യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പുതിയ തരംഗം വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിസ നടപടികൾ കർശനമാക്കുന്നതിന് തീരുമാനിച്ചത്.

ഇതനുസരിച്ച്‌ വിസ മാറ്റം ഓട്ടോമാറ്റഡ് സംവിധാനത്തിലൂടെയുള്ളതിന് വിലക്ക് ഏർപ്പെടുത്തി.

അതേസമയം രാജ്യത്തെ സാമ്പത്തിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക്‌ അഞ്ചുമുതൽ 15 വരെ വർഷത്തേക്ക് റെസിഡൻസി അനുവദിക്കുന്നതിന് അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

വിദേശനിക്ഷേപകർ, വാണിജ്യ പദ്ധതി ഉടമകൾ, ചില സ്ഥാപനങ്ങളുടെ ഉടമകൾ മുതലായ വിഭാഗങ്ങൾക്കാണ്‌ ഈ സൗകര്യം അനുവദിക്കാൻ ആലോചിക്കുന്നത്‌.