ദുബായ് : യു.എ.ഇ.യിലെ മാജീദ് അൽ ഫുത്തൈമിന്റെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്ന കാരിഫോർ, മുൻനിര ഫാർമസി ശൃംഖലയായ ആസ്റ്റർ ഫാർമസിയുമായി പങ്കാളിത്ത കരാറിലേർപ്പെട്ടു. കാരീഫോറിന്റെ ഓൺലൈൻ മാർക്കറ്റിങ്0 പ്ലാറ്റ്‌ഫോമായ കാരിഫോർ മാർക്കറ്റ് പ്ലേസിലൂടെയാണ് പങ്കാളിത്തം.

ഇതിലൂടെ ഗ്രോസറി, ഭക്ഷ്യവസ്തുക്കൾ, ലൈഫ്‌സ്റ്റൈൽ, വെൽനെസ് എന്നീ ഉത്പന്നങ്ങളുടെ ഓർഡറുകൾക്കൊപ്പം തന്നെ കാരിഫോർ ഉപഭോക്താക്കൾക്ക് ഓവർ ദ കൗണ്ടർ മെഡിക്കേഷൻ, ഹെൽത്ത് സപ്ലിമെന്റ്‌സ്, ന്യൂട്രീഷണൽ ഉത്‌പന്നങ്ങൾ, വ്യക്തിഗത പരിപാലന ഉത്‌പന്നങ്ങൾ എന്നിവയും അതിവേഗം ലഭ്യമാക്കും. ഇരുന്നൂറിലേറെ ആസ്റ്റർ ഫാർമസികളിൽനിന്ന് 90 മിനിറ്റിനുള്ളിൽ യു.എ.ഇ.യിലുടനീളം ഓർഡറുകൾ ലഭ്യമാകും.

ഏകീകൃത ജാലകമായി മാറുന്നതിനുള്ള ലക്ഷ്യത്തിനടുത്തേക്ക് കാരിഫോർ ഒരു ചുവടുകൂടി വെച്ചതായി മാജിദ് അൽ ഫുത്തൈം റീട്ടെയിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഹാനി വെയ്‌സ് പറഞ്ഞു. വീട്ടുവാതിൽക്കൽ ആരോഗ്യസേവനങ്ങളും വെൽനെസ് ഓഫറുകളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ആസ്റ്ററിന്റെ ശ്രമങ്ങളിൽ ‘ആരോഗ്യമാണ് സന്തോഷം’ എന്ന സന്ദേശം പ്രതിഫലിക്കുന്നതായി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ വ്യക്തമാക്കി.