അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുർക്കിയിലെത്തി. പ്രസിഡന്റ് ത്വയിബ് എർദോഗാൻ അദ്ദേഹത്തെ സ്വീകരിച്ചു. യു.എ.ഇ. യുടെയും തുർക്കിയുടെയും ദേശീയഗാനങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു പ്രസിഡൻഷ്യൻ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങ്. സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുമെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. പ്രാദേശിക അന്തർദേശീയ പ്രശ്‌നങ്ങളും ചർച്ചയാകും. കഴിഞ്ഞ ഒാഗസ്റ്റിൽ ഇരുനേതാക്കളും ഫോണിൽ സംസാരിക്കുകയും ബന്ധം ശക്തമാക്കേണ്ടതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർചർച്ചകളാണ് ഇനി നടക്കാൻ പോകുന്നത്.