ദുബായ് : മെട്രോ ഗ്രീൻ ലൈനിലെ അൽ ഫാഹിദി സ്റ്റേഷൻ ഉൾപ്പെടെ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആർ.ടി.എ.യും ഷറഫ് ഗ്രൂപ്പും അടുത്തിടെ ഒപ്പുവെച്ച പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ അൽ ഫാഹിദി മെട്രോ സ്റ്റേഷൻ ഇനി മുതൽ ഷറഫ് ഡി.ജി മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും.
ഫസ്റ്റ് ഗൾഫ് അബുദാബി ബാങ്ക് മെട്രോ സ്റ്റേഷന്റെ പേര് ഉം അൽ ഷീഫ് എന്നും നൂർ ബാങ്ക് സ്റ്റേഷൻ അൽ സഫയായും ദമാക്-ദുബായ് മറീന, നക്കീൽ-അൽ ഖൈൽ ആയും പേര് മാറ്റി. നവംബർ 25 മുതൽ 2021 ഫെബ്രുവരി വരെ പേര് മാറ്റിയുള്ള ബാക്കി നടപടിക്രമങ്ങൾ നടക്കും. യാത്രക്കാർ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് ആർ.ടി.എ. റെയിൽ ഏജൻസി റെയിൽ ഓപ്പറേഷൻ ഡയറക്ടർ ഹസൻ അൽ മുതവ പറഞ്ഞു. ദുബായ് മ്യൂസിയം, ഹെറിറ്റേജ് വില്ലേജ്, ഗ്രാൻഡ് സൂക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് സമീപമാണ് ഷറഫ് ഡി.ജി.മെട്രോ സ്റ്റേഷൻ. ആർ.ടി.എ.യെ പ്രതിനിധാനം ചെയ്ത് റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മൊഹ്‌സെൻ ഇബ്രാഹിം യൂനസ്, ഷറഫ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മേജർ ജനറൽ ഷറഫുദീൻ ഷറഫ് അൽ ഹാഷ്മി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
2009-ലാണ് ദുബായിയുടെ മുഖം തന്നെ മാറ്റിയെഴുതിയ അതിവേഗ റെയിൽ ഗതാഗത ശൃംഖലയായ മെട്രോ ആരംഭിക്കുന്നത്. പത്ത് വർഷം കഴിഞ്ഞും പുതുമോടിയോടെതന്നെ നേട്ടങ്ങൾ കൊയ്ത് മെട്രോ റെയിൽ കുതിപ്പ് തുടരുകയാണ്.