ഷാർജ : അപ്പസ്‌തോലൻ മാർ തോമാശ്ലീഹായുടെ ഓർമ തിരുനാൾ സെയ്ന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്നു. കോവിഡ് മാനദണ്ഡങ്ങളോടെ ഇടവക വികാരി ഫാ. മുത്തുവിന്റെ കാർമികത്വത്തിലാണ് ആഘോഷം. മലയാളം പാരീഷ് കമ്മിറ്റിയും ഇടവകയിലെ സീറോ മലബാർ സമൂഹവും സംയുക്തമായാണ് ദുക്‌റാന തിരുന്നാൾ ആഘോഷിക്കുന്നത്. കൊടിയേറ്റത്തോടനുബന്ധിച്ച് ഫാ. ജോസ് വട്ടുകുളത്തിന്റെയും ഫാ. അരുൺ രാജിന്റെയും നേതൃത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. ജൂലായ് മൂന്നുവരെ ദിവസവും ദേവാലയമുറ്റത്ത് നൊവേനയും നടക്കും.

മുഖ്യ തിരുന്നാൾ ദിവസമായ മൂന്നിന് രാവിലെ 10 മണിക്ക് ഫാ. അലക്സ് വാച്ചാപറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് ഫാ. പീറ്റർ പി.എം. നയിക്കുന്ന വചന പ്രസംഗവുമുണ്ടായിരിക്കും. ജൂലായ് ഒന്ന്, രണ്ട് ദിവസങ്ങളിൽ ഫാ. വർഗീസ് കോഴിപ്പാടൻ, ഫാ. അനൂപ് പൗലോസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേകകുർബാന നടക്കും. ദേവാലയത്തിലും പാരീഷ് ഹാളിലുമായിരിക്കും ആഘോഷം. ദേവാലയത്തിലെത്തി തിരുകർമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളടക്കമുള്ളവർക്കായി തിരുനാൾ ദിവസങ്ങളിൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുമെന്നും ഇടവക വികാരി അറിയിച്ചു.