ദുബായ് : നൂതന സാങ്കേതികവിദ്യയായ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി ദുബായിലെ ബസുകൾ കൂടുതൽ സ്മാർട്ടാവും. ബസുകളുടെ പ്രവർത്തനം ആർ.ടി.എ. കേന്ദ്രങ്ങളിൽനിന്നുകൊണ്ടുതന്നെ മനസ്സിലാക്കാനാവുന്ന സാങ്കേതികസൗകര്യങ്ങളാണ് ഒരുക്കുക. ആലിബാബ ക്ലൗഡ് വികസിപ്പിച്ച ‘സിറ്റി ബ്രെയിൻ’ എന്ന സംവിധാനത്തിലൂടെ നോൾകാർഡ് പരിശോധിച്ച് ബസ് യാത്രകൾ നിയന്ത്രിക്കാനും നഗരഗതാഗതം കാര്യക്ഷമമാക്കാനും കഴിയും.

യാത്രാസംവിധാനം 17 ശതമാനവും ശരാശരി കാത്തിരിപ്പുസമയം 10 ശതമാനവും ശരാശരി ബസ് ഉപയോഗം അഞ്ചുശതമാനവും മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബസുകളിൽ സ്ഥാപിക്കുന്ന ടെലിമാറ്റിക് സംവിധാനത്തിലൂടെ ബസുകളുടെ പ്രവർത്തനരീതികൾ അൽഖൂസ് ബസ് ഡിപ്പോയിലിരുന്നുതന്നെ വിലയിരുത്താനാവും.

516 വോൾവോ ബസുകളിൽ ഇതിനകം സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നതോടൊപ്പം 47 മുന്നറിയിപ്പുകളും ഇതിലൂടെ നൽകാനാവും.

കൃത്യമായ ആസൂത്രണത്തിലൂടെ ഇന്ധന ഉപഭോഗം അഞ്ചുശതമാനം കുറയ്ക്കാനും ഇത് സഹായകമാവും. ഇത് സുരക്ഷാനിലവാരം ഉയർത്താനും യാത്രികർക്ക് മികച്ച അനുഭവം പ്രദാനംചെയ്യാനും സഹായകമാവുമെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മതാർ മുഹമ്മദ് അൽ തയർ പറഞ്ഞു. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും അതിലൂടെ കുറ്റമറ്റ യാത്രാനുഭവം ഉറപ്പാക്കാനും കഴിയും.

കൂടുതൽപ്പേർക്ക് യാത്രചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 2,452 ചതുരശ്രമീറ്ററിൽ ആറ് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന അൽ ഗുബൈബ ബസ് സ്റ്റേഷനിൽ പ്രതിദിനം 15,000 പേരെ ഉൾക്കൊള്ളാനാവും. 19,000 ചതുരശ്രമീറ്റർ വലിപ്പമുള്ള ജാഫിലിയ സ്റ്റേഷനിൽ ഒട്ടേറെ പാർക്കിങ്ങുകളും പ്രത്യേക സൗകര്യങ്ങളും ഉൾപ്പെടുന്നു. പ്രതിദിനം 7000 ആളുകളെ ഉൾക്കൊള്ളാനുള്ള സംവിധാനം ഇവിടെയുണ്ട്.

2,180 ചതുരശ്രമീറ്റർ വലിപ്പമുള്ള യൂണിയൻ ബസ്‌സ്റ്റേഷൻ 7500 യാത്രക്കാർക്ക് പ്രതിദിനസേവനം ലഭ്യമാക്കും. ഇത്തിസലാത്ത്‌ മെട്രോ സ്റ്റേഷനുമായി ചേർന്നുള്ള ബസ് സ്റ്റേഷനിൽ 4,500 യാത്രികർക്കുള്ള സൗകര്യമുണ്ട്. 708 ചതുരശ്രമീറ്ററാണ് ഇതിന്റെ വലിപ്പം. ഊദ് മേത്തയിലെ 9,640 ചതുരശ്രമീറ്റർ വലിപ്പമുള്ള ബസ് സ്റ്റേഷനിൽ 10,000 യാത്രികരെ പ്രതിദിനം ഉൾക്കൊള്ളും. സത്വ ബസ് സ്റ്റേഷനിൽ 11,912 ചതുരശ്രമീറ്റർ വലിപ്പമുള്ള സംവിധാനമാണുള്ളത്. 15,000 യാത്രികരെ ഇവിടെ ഉൾക്കൊള്ളും.