ദുബായ് : കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് പറന്നുവെങ്കിൽ അടുത്ത 50 വർഷത്തിനുള്ളിൽ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യു.എ.ഇ. നേതാക്കൾ.

അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യവികസനത്തിനുവേണ്ട ചട്ടക്കൂട് തയ്യാറാക്കുന്ന യോഗത്തിന്റെ സമാപനത്തിലാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രസ്താവന.

മരുഭൂമിയിൽനിന്ന് നമ്മുടെ സ്വപ്നങ്ങൾ ചൊവ്വയിലെത്തിയിരിക്കുന്നു. ലോകത്തിന് മുന്നിൽ യു.എ.ഇ. അസാധാരണമായ ഒരു വികസന മാതൃകയാണ് അവതരിപ്പിച്ചത്. അത് മാനുഷിക മൂലധനത്തെ അതിന്റെ എല്ലാ സാമ്പത്തിക, വികസന പദ്ധതികളുടെയും കേന്ദ്രമാക്കി മാറ്റും. രാജ്യത്ത് അസാധ്യമായത് ഒന്നുമില്ലാത്തതുകൊണ്ടാണ് ഇത്രയും ദൂരം താണ്ടിയത്.

യു.എ.ഇയെ പുതിയ നേട്ടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശാസ്ത്രീയവും വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ വിഭവങ്ങൾ നമ്മുടെ പക്കലുണ്ട്. ഈ യാത്ര നയിക്കുന്നത് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്.

സുസ്ഥിര സമ്പദ് വ്യവസ്ഥ, നൂതന ഇൻഫ്രാസ്ട്രക്ചർ, ബിസിനസ് ഫ്രൻഡിലി ലെജിസ്‌ലേറ്റീവ് ഫ്രെയിംവർക്ക് എന്നിവയുടെ ആസ്ഥാനമായതോടെ യു.എ.ഇ. അവസരങ്ങളുടെ നാടായി മാറി.

സംരംഭകർക്കും നിക്ഷേപകർക്കും യുവ പ്രതിഭകൾക്കുമുള്ള ആകർഷകമായ സൗകര്യങ്ങളും രാജ്യത്തുണ്ട്. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ 10 മടങ്ങ് കൂടുതൽ ഊർജത്തോടെ പരിശ്രമിക്കുന്നവരെ മാത്രമേ അടുത്തഘട്ടത്തിൽ സർക്കാർ ടീമുകളിലേക്ക് സ്വാഗതംചെയ്യുകയുള്ളൂ.

കഴിവ്, ആശയങ്ങൾ, നിക്ഷേപം എന്നിവക്കുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമായി യു.എ.ഇയെ മാറ്റുകയെന്നതാണ് നമ്മുടെ കാഴ്ചപ്പാട്- ശൈഖ് മുഹമ്മദ് വ്യക്തമാക്കി.