ദുബായ് : കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ.യിൽ കൂടുതൽ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുന്നു. ഏഴ് ആശുപത്രികൾ നിലവിലുണ്ടെന്നും കൂടുതൽ ആശുപത്രികൾ പ്രവർത്തനക്ഷമമാകുമെന്നുമാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചത്. എല്ലാ പൗരന്മാരും താമസക്കാരും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് യു.എ.ഇ. ആരോഗ്യമേഖല വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അഭ്യർഥിച്ചു. വാക്‌സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സർക്കാർ ഉറപ്പുവരുത്തിയതാണ്. രാജ്യത്തെ എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ് പുതിയ നടപടികൾ. സുരക്ഷാമാർഗനിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നതുകൊണ്ട് രോഗവ്യാപനത്തിൽ വലിയ കുറവുണ്ടാകുന്നുവെന്നും അവർ വ്യക്തമാക്കി.

അതേസമയം യു.എ.ഇ.യിൽ 19 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 3102 പുതിയ കേസുകളും 3814 രോഗമുക്തിയും സ്ഥിരീകരിച്ചു. ആകെ വൈറസ് ബാധിച്ച 3,78,637 പേരിൽ 3,70,381 പേരും രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 1164 ആയി. പുതുതായി 1,79,229 പരിശോധനകളാണ് രാജ്യത്ത് പൂർത്തിയായത്.

വാക്‌സിൻ സ്വീകരിച്ചത് 34.8 ലക്ഷം പേർ

ഇതുവരെ 34.8 ലക്ഷം പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി ആരോഗ്യപ്രതിരോധ മന്ത്രാലയം. ജനസംഖ്യയുടെ 45 ശതമാനത്തോളം പേർ സ്വീകരിച്ചുകഴിഞ്ഞതായും ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു. പ്രായമായവരിൽ 58 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

അടുത്ത ഏതാനും ആഴ്ചകൾകൂടി മുതിർന്നവർ, നിശ്ചയദാർഢ്യമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവർക്ക് വാക്സിനേഷന് മുൻഗണന കൊടുക്കുന്ന സംവിധാനം തുടരുമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ വ്യക്തമാക്കി. മുൻകൂട്ടി ബുക്ക് ചെയ്യാതെ ഇവർക്ക് ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രത്തിലെത്താം.

2021 ആദ്യപാദത്തിൽ പൊതുജനങ്ങളിൽ 50 ശതമാനം പേർക്കും പ്രതിരോധകുത്തിവെപ്പ് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ. സർക്കാർ അറിയിച്ചു.