ഷാർജ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽസാഹചര്യം പ്രതികൂലമായ സാഹചര്യത്തിലും ദ്രോഹിക്കുന്ന നടപടികളാണ് സ്വന്തം സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നത്. അന്യസംസ്ഥാന യാത്രക്കാർക്കില്ലാത്ത നിയന്ത്രണങ്ങൾ പ്രവാസികളോട് സ്വീകരിക്കുന്നത് വിവേചനാത്മക നിലപാടാണ്. സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സയ്ക്കായും മറ്റും നാട്ടിൽ പോകുന്നവർക്ക് പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണെന്നുമാണ് വിലയിരുത്തൽ.

ഇൻകാസ് യു.എ.ഇ.

കോവിഡ് കാലത്ത് ഒരുവിധ അനുഭാവവും കാണിക്കാത്ത സർക്കാർ, പുതിയ നിയന്ത്രണത്തിലൂടെ തുടർച്ചയായ അവഗണനയാണ് പ്രകടിപ്പിക്കുന്നതെന്ന് ഇൻകാസ് യു.എ.ഇ. കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും പറഞ്ഞു. 2016 മുതൽ പ്രവാസികളോട് നടത്തിയ വാഗ്ദാനങ്ങൾ ഈ സർക്കാർ നടപ്പാക്കിയിട്ടില്ല. പ്രവാസികൾക്ക് എന്നും പ്രത്യേക പരിഗണനയുണ്ടെന്ന് പറയുന്നവർ, വിമാനത്താവളത്തിലെ കോവിഡ് പരിശോധനയെങ്കിലും സൗജന്യമാക്കണം.

ഷാർജ ഇൻകാസ്

കോവിഡ് കാലം മുതൽ ഗൾഫിലെ പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ തീർത്തും ദുരിതത്തിലാണ്. കേന്ദ്ര, കേരള സർക്കാരുകൾ പിന്നെയും സാമ്പത്തികമായി ചൂഷണവും ബുദ്ധിമുട്ടും സൃഷ്ടിക്കുകയാണെന്ന് ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. അനീതിക്കെതിരേ നിയമപരമായും പ്രതിരോധിക്കാൻ ശ്രമം നടത്തും. കേരള സർക്കാരെങ്കിലും മലയാളികളോട് മൃദുസമീപനം കാണിക്കണം.

ഐ.സി.എഫ്. ഗൾഫ് കൗൺസിൽ

പുതിയ യാത്രാ മാനദണ്ഡം ഒഴിവാക്കണമെന്ന് ഐ.സി.എഫ്. ഗൾഫ് കൗൺസിൽ കേന്ദ്രസർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിദേശത്തുള്ള മിക്ക വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന സൗജന്യമായിരിക്കെ ഇന്ത്യയിൽ സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നത് അംഗീകരിക്കാനാവില്ല. അടിയന്തര പരിഹാരം കാണണം.

ഓർമ

പുതിയ കേന്ദ്രസർക്കാർ നിബന്ധന പ്രവാസികളോടുള്ള ദ്രോഹമാണെന്ന് ഓർമ സെക്രട്ടറി സജീവൻ കെ.വി., പ്രസിഡന്റ് അൻവർ ഷാഹി എന്നിവർ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ പ്രശ്നങ്ങളെ അനുഭാവപൂർവം പരിഗണിച്ചിട്ടുള്ള കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് ലോക കേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ

അന്യരാജ്യങ്ങൾപോലും അതത് വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് പി.സി.ആർ. പരിശോധന സൗജന്യമാക്കുകയും ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ ഒഴിവാക്കുകയും ചെയ്യുമ്പോൾ സ്വന്തം രാജ്യം പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പറഞ്ഞു. ഇത്തരം ദുഷ്ടലാക്കുള്ള സമീപനം സർക്കാർ ഒഴിവാക്കണം.

പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കുകയോ അനിവാര്യമാണെങ്കിൽ പണം വാങ്ങാതെ സൗജന്യമാക്കുകയോ വേണം. കേരള മുഖ്യമന്ത്രി, നോർക്ക-റൂട്ട്‌സ് എന്നിവർക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ നിവേദനം അയച്ചിട്ടുണ്ട്.

അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ

പുതിയ യാത്രാനിയമം കരിനിയമമാണെന്ന് അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ് പറഞ്ഞു. പ്രവാസികളെ കോവിഡിന്റെ പേരുപറഞ്ഞ് ബുദ്ധിമുട്ടിക്കരുത്. അതത് സംസ്ഥാന സർക്കാരുകളും ഈ നിയമത്തിൽനിന്ന് പിന്നോട്ടുപോകാനോ ആവശ്യമെങ്കിൽ പരിശോധന സൗജന്യമാക്കാനോ ആവശ്യപ്പെടണം. അനാവശ്യമായ ക്വാറന്റീൻ നടപടിയിൽനിന്ന് കേരളവും പിന്നോട്ടുപോകണം.

കേരളം ഉചിതമായ നടപടികൾ സ്വീകരിക്കും

പ്രവാസി മലയാളികളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ കേരളസർക്കാർ കൈകൊള്ളില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ആർ.പി. മുരളി പറഞ്ഞു. പി.സി.ആർ. പരിശോധന ആവശ്യമെങ്കിൽ നിരക്ക് സൗജന്യമാക്കണമെന്നാണ് അഭിപ്രായം. അനാവശ്യമായി പ്രവാസികൾക്ക് ക്വാറന്റീൻ അടിച്ചേൽപ്പിക്കാതിരിക്കാനും കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷാർജ ഒ.ഐ.സി.സി.

കൈക്കുഞ്ഞിനുപോലും കോവിഡ് പരിശോധന വേണമെന്ന നിർബന്ധം കനത്ത സാമ്പത്തിക ബാധ്യതയാണ് ഓരോ കുടുംബത്തിനും ഉണ്ടാക്കുന്നത്. അനാവശ്യമായ ക്വാറന്റീൻ നിയമവും കേരളം പിൻവലിക്കണമെന്ന് ഷാർജ ഒ.ഐ.സി.സി. ചെയർമാൻ എസ്. മുഹമ്മദ് ജാബിർ പറഞ്ഞു. പലരും ജോലി നഷ്ടപ്പെട്ടാണ് തിരിച്ചുപോകുന്നത്, അത്തരക്കാരെയാണ് പി.സി.ആർ. പരിശോധനയുടെ പേരിൽ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.

കുട്ടികളെയും ഗർഭിണികളെയും യാത്രാനിയമം അടിച്ചേൽപ്പിക്കരുത്

വിദേശങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾക്കുമാത്രമായുള്ള പുതിയ യാത്രാനിയമം പുനഃപരിശോധിക്കാനാവശ്യപ്പെട്ട് ഷാർജയിലെ അഭിഭാഷകനും നോർക്ക-റൂട്ട് നിയമോപദേശകനുമായ അഡ്വ. ഫെമിൻ പണിക്കശ്ശേരി നിവേദനമയച്ചു. ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്കാണ് നിവേദനമയച്ചത്. വിദേശങ്ങളിൽനിന്നുള്ള യാത്രയ്ക്കുമുമ്പേ പി.സി.ആർ. പരിശോധനകൾ ഒഴിവാക്കുക, ഇന്ത്യൻ വിമാനത്താവളങ്ങളിൽ മാത്രം പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ലെന്നും മറിച്ചാണെങ്കിൽ പ്രവാസികളുടെ ചെലവിൽ ക്വാറന്റീനിൽ പോകാമെന്നും നിർദേശിക്കുക. കുട്ടികൾ, ഗർഭിണികൾ എന്നിവരെ പുതിയ യാത്രാനിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയിൽനിന്ന് ഒഴിവാക്കേണ്ടതാണെന്നും അഡ്വ. ഫെമിൻ അയച്ച നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഓൾ കേരള പ്രവാസി അസോസിയേഷൻ

പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കുക, പി.സി.ആർ. പരിശോധനയുടെ പേരിൽ പുതുതായി കൊണ്ടുവന്ന നിയമം പിൻവലിക്കുക, കോവിഡ് പരിശോധന സൗജന്യമാക്കുക എന്നിവ കാണിച്ച് പ്രധാനമന്ത്രിക്ക് ഓൾ കേരള പ്രവാസി അസോസിയേഷൻ നിവേദനം നൽകി. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 26 വെള്ളിയാഴ്ച ഗ്രൂപ്പിൽ കരിദിനം ആചരിക്കുമെന്ന് കോ-ഓർഡിനേറ്റർമാരായ ഇബ്രാഹിം ഷമീർ, അൽ നിഷാജ് ശാഹുൽ, ഫൈസൽ മുഹമ്മദ്, നീതു ആശിഷ് എന്നിവർ അറിയിച്ചു.

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം

ഒരു നിയന്ത്രണവുമില്ലാതെ നാട്ടിൽ ജനങ്ങൾ ഒത്തുകൂടുകയും മറ്റും ചെയ്യുമ്പോഴാണ് പ്രവാസികൾക്ക് മാത്രമായി പുതിയ നിയന്ത്രണവും രണ്ടാഴ്ചത്തെ ക്വാറന്റീനും. പ്രവാസികളോടുള്ള ഈ നയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നിവേദനം നൽകിയതായി വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് എൻ.പി. മുഹമ്മദാലി, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, അബുബക്കർ മേലേതിൽ തുടങ്ങിയവർ അറിയിച്ചു.

യുവകലാസാഹിതി

പുതിയ യാത്രാനിയമം യുക്തിസഹമായി പരിഷ്കരിക്കണം. കോവിഡിന്റെ പേരിൽ സാമ്പത്തിക ബാധ്യത ഏൽപ്പിക്കുന്നതിൽ നിന്നും കേന്ദ്രം പിൻവലിയണം.

ക്വാറന്റീൻ നിർബന്ധിക്കുന്ന കേരളവും നിയമം പുനഃപരിശോധിക്കണം. പ്രവാസികൾ മാത്രം കോവിഡ് കുറ്റവാളികൾ എന്നനിലയിൽ സർക്കാരുകൾ നിലപാടെടുക്കുന്നത് തെറ്റാണെന്നും ഭാരവാഹികളായ ബിജു ശങ്കർ, ആർ. ശങ്കർ എന്നിവർ പറഞ്ഞു.

യു.എ.ഇ. കെ.എം.സി.സി.

യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ പി.സി.ആർ. പരിശോധന സൗജന്യമാണ്. എന്നാൽ, പുതിയ യാത്രാനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവാസികളെ സാമ്പത്തികമായി ചൂഷണംചെയ്യുകയാണ് കേന്ദ്രവും സംസ്ഥാനങ്ങളും ചെയ്യുന്നതെന്ന് യു.എ.ഇ. കെ.എം.സി.സി. സെക്രട്ടറി നിസാർ തളങ്കര പറഞ്ഞു. ഇതിൽ കക്ഷിരാഷ്ട്രീയമല്ല പ്രവാസി രാഷ്ട്രീയം മാത്രമാണുള്ളത്.