ഷാർജ : എസ്.എൻ.ഡി.പി. യോഗം യു.എ.ഇ. (സേവനം) കമ്മിറ്റി 89-മത് ശിവഗിരി തീർഥാടന സംഗമത്തിന്റെ ഭാഗമായി യു.എ.ഇ.യിലും ശിവഗിരി തീർഥാടന സംഗമം സംഘടിപ്പിക്കുന്നു. ഈ വർഷത്തെ യു.എ.ഇ.യിലെ സംഗമം ജനുവരി 14-ന് ദുബായ് എസ്.എൻ.ജി.ഹാളിൽ ഓൺലൈനായി നടത്താൻ സംഘാടകസമിതിയോഗം തീരുമാനിച്ചു.

ദുബായ് അൽബർഷയിൽ നടന്ന യോഗത്തിൽ യു.എ.ഇ.യിൽ നിന്നുള്ള യൂണിയൻ ശാഖാ പോഷകസംഘടനാ ഭാരവാഹികൾ പങ്കെടുത്തു. സംഗമത്തിൽ ശിവഗിരി മഠത്തിലെ സന്യാസിമാർ അടക്കമുള്ളവർ പങ്കെടുക്കും. തീർഥാടക സംഗമം വിജയിപ്പിക്കുന്നതിന് ശിവദാസൻ പൂവ്വാർ ജനറൽ കൺവീനറായി 51 അംഗ കമ്മിറ്റി നിലവിൽവന്നു. വിവിധ സബ്‌ കമ്മിറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു.

വർഷംതോറും നടത്തുന്ന ഗുരുദേവകൃതികളുടെ യു.എ.ഇ.തല പാരായണ മത്സരങ്ങളുടെ ഫൈനൽ ഡിസംബർ 24-ന് നടക്കും. വിജയികൾക്ക് സ്വർണനാണയം സമ്മാനമായി നൽകും. യോഗത്തിൽ പ്രസാദ് ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.എസ്. വാചസ്പതി, ഷൈൻ കെ. ദാസ്, സുരേഷ് തിരിക്കുളം, സാജൻ സത്യ, ഉഷാ ശിവദാസൻ എന്നിവർ സംസാരിച്ചു.