ഷാർജ : സാമൂഹികപ്രവർത്തനരംഗത്ത് സജീവമായിരുന്ന പത്തനംതിട്ട കോയിപ്രം സ്വദേശി രഘുവരൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി. 14 വർഷത്തെ പ്രവാസജീവിതത്തിനുശേഷം ശനിയാഴ്ചയാണ് സ്വദേശത്തേക്ക് മടങ്ങിയത്.

രാജ്യമോ ദേശമോ നോക്കാതെ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് സഹായങ്ങൾ ലഭ്യമാക്കാൻ മുൻനിരയിലായിരുന്നു. തനിച്ചുചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സംഘടനകളുടെയോ അതത് രാജ്യങ്ങളുടെ കോൺസുലേറ്റിന്റെയോ ശ്രദ്ധയിൽപ്പെടുത്തും. ഷാർജയിലെ മാനസ്, ഏകത തുടങ്ങിയ സാംസ്കാരികകൂട്ടായ്മകളിലും രഘുവരൻ സജീവമായി പ്രവർത്തിച്ചിരുന്നു. തന്റെ വേറിട്ടജീവിതം മറ്റുള്ളവർക്കും മാതൃകയാകുമെങ്കിൽ സന്തോഷമാണെന്ന് രഘുവരൻ പറഞ്ഞു. ഷാർജ മാനസ് വെള്ളിയാഴ്ച ഇന്ത്യൻ അസോസിയേഷനിൽവെച്ച് രഘുവരന് യാത്രയയപ്പ് നൽകി. ഭാരവാഹികളായ രഘുകുമാർ മണ്ണൂരത്ത്, റെജി മോഹനൻ നായർ, സുജിത് മേനോൻ എന്നിവർ ചേർന്ന് ഫലകം സമ്മാനിച്ചു.