ദുബായ് : ലോകം ഇന്നഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്ന നവീനാശയങ്ങൾ നടപ്പാക്കാൻ യു.എ.ഇ. സ്‌പേസ് ഏജൻസി 40 ലക്ഷം ദിർഹം നൽകും. എക്സ്പോ 2020 ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി കാലാവസ്ഥാവ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള വെല്ലുവിളികൾക്ക് പരിഹാരം, ഭക്ഷ്യസുരക്ഷയുറപ്പാക്കാനുള്ള മാർഗങ്ങൾ എന്നിവയാണ് പങ്കുവെക്കേണ്ടത്. ശാസ്ത്രജ്ഞർ, സംരംഭകർ, വിദ്യാഭ്യാസവിദഗ്‌ധർ, നവീനാശയങ്ങളുള്ളവർ എന്നിവരെയെല്ലാം ഈ മത്സരത്തിലേക്ക് ക്ഷണിക്കുകയാണ് യു.എ.ഇ.

എക്സ്പോയുടെ ഭാഗമായി നടക്കുന്ന സ്‌പേസ് അനലിറ്റിക്‌സ് ആൻഡ്‌ സൊല്യൂഷൻസ് (എസ്.എ.എസ്) പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനമുണ്ടായത്. ബഹിരാകാശത്തുനിന്ന്‌ ലഭിക്കുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കാവുന്ന ഏറ്റവും ഉചിതമായ പരിസ്ഥിതിസംരക്ഷണാശയങ്ങളാണ് പങ്കുവെക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ആറ് ആശയങ്ങൾ 2022 ഫെബ്രുവരിൽ നടക്കുന്ന ചടങ്ങിൽ വിദഗ്ധസമിതിക്കുമുമ്പാകെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഇതിൽനിന്ന് ഏറ്റവും മികച്ച രണ്ടെണ്ണമാണ് തിരഞ്ഞെടുക്കപ്പെടുക. ഇവർക്ക് 20 ലക്ഷം ദിർഹം വീതം സ്‌പേസ് ഏജൻസി അനുവദിക്കും. ആശയം പ്രായോഗികതലത്തിൽ നടപ്പാക്കാനുള്ള തുകയാണിത്. സാമ്പത്തികസഹായത്തിനുപുറമേ സാങ്കേതികസഹായങ്ങളും വിദഗ്ധരുടെ സഹകരണവും ലഭ്യമാക്കും. 2022 ജനുവരി 15-ന് മുമ്പായി ആശയങ്ങൾ സമർപ്പിക്കണം.

സ്വകാര്യ പൊതുപങ്കാളിത്തത്തിൽ സുസ്ഥിര വികസനമെന്ന ആശയത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് നൂതന സാങ്കേതികവിദ്യ മന്ത്രിയും സ്‌പേസ് ഏജൻസി ചെയർവുമണുമായ സാറ അൽ അമീരി പറഞ്ഞു. യഥാർഥവും പ്രായോഗികവും സൂക്ഷ്മമായ ഗവേഷണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലുള്ളതുമായ ആശയങ്ങളാണ് തേടുന്നത്. കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യസുരക്ഷയും ഏറ്റവുമധികം ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. 2019-ലെ കണക്കുകൾപ്രകാരം അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് ലോകത്ത് അന്നുവരെ രേഖെപ്പെടുത്തിയതിനെക്കാൾ അധികമായിരുന്നു. ലോകത്തിൽ പത്തിലൊരാൾ പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നു. ഈ വിഷയത്തിൽ എത്രയും വേഗത്തിലുള്ള നടപടികളുണ്ടായേ തീരുവെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യസുരക്ഷയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങളാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിവകുപ്പുമന്ത്രി മറിയം ബിൻത് മൊഹമ്മദ് അൽമുഹൈരി പറഞ്ഞു. ഉയർന്ന താപനിലയും കാലാവസ്ഥാമാറ്റങ്ങളും ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു. സുസ്ഥിരമായ ഭാവി ലക്ഷ്യമിട്ടുള്ള ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് ആവശ്യമെന്നും മുഹൈരി പറഞ്ഞു. യു.എ.ഇ. ബഹിരാകാശ ഏജൻസി40 ലക്ഷം ദിർഹം നൽകും