ദുബായ് : പോളിയോ നിർമാർജനത്തിൽ യു.എ.ഇ. കൈവരിച്ചത് മഹത്തായ നേട്ടമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറിയും എമിറേറ്റ്സ് ഹെൽത്ത് സർവീസ് ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. മൊഹമ്മദ് സലിം അൽ ഒലാമ. 1992-ന് ശേഷം യു.എ.ഇ.യിൽ ഒരൊറ്റ പോളിയോ കേസ് പോലും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല.

സമഗ്രമായ വാക്സിനേഷനും ആരോഗ്യമേഖലയുടെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമാണ് ഇത് സാധ്യമാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യമേഖലയൊരുക്കിയ ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണപരമായ പ്രവർത്തനങ്ങളാണ് ഈ വലിയ നേട്ടത്തിന് പിറകിൽ. ശാസ്ത്രീയവും കൃത്യതയുമുള്ള പ്രവർത്തനങ്ങളാണ് യു.എ.ഇ നടപ്പാക്കിയ പോളിയോ നിർമാർജന യജ്ഞത്തിന്റെ പ്രത്യേകത. കുട്ടികളിൽ വാക്സിനേഷൻ കൃത്യതയോടെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഒലാമ പറഞ്ഞു.

ഒക്ടോബർ 24 'ലോക പോളിയോ ദിനത്തിന്' മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദമാക്കിയത്.