ഷാർജ : മൊബൈൽ ഫോൺ മനുഷ്യ ജീവിതത്തിന്റെ ഭാഗമായ കാലത്ത് മൊബൈലിനാൽ ചലനവും നിശ്ചലവുമായ ദൃശ്യങ്ങളിൽ വിസ്മയവും സൃഷ്ടിക്കുകയാണ് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥി സഞ്ജയ് ഉണ്ണി. തൃശ്ശൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് ടു വിദ്യാർഥിയായ സഞ്ജയ് എന്ന 18-കാരൻ ഹ്രസ്വചിത്രമടക്കം നിരവധി ചിത്രങ്ങൾ കൈയിലെ മൊബൈൽ ഫോണുപയോഗിച്ച് പകർത്തിക്കഴിഞ്ഞു. ഓൺലൈൻ ക്ലാസ് ആയതിനാൽ മാതാപിതാക്കളോടൊപ്പം ദുബായിലുള്ള സഞ്ജയ് ലോകമേളയായ ദുബായ് എക്സ്‌പോ 2020-ലെ ദൃശ്യങ്ങളും ചാരുതയോടെ പകർത്തിയിരിക്കുന്നു.

ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവോടെയാണ് 'റെഡ്മി നോട്ട് 10' ഉപയോഗിച്ച് സഞ്ജയ് ദൃശ്യങ്ങൾ പകർത്തി കലാപ്രകടനം നടത്തുന്നത്. നിഴലും വെളിച്ചവും മിശ്രിതമായി ക്രമീകരിച്ചെടുത്ത ചിത്രങ്ങൾക്ക് ഏറെ ആകർഷണത്വമുണ്ട്. മൊബൈൽ കൈയിൽകിട്ടിയ കാലം മുതൽ ഫോട്ടോഗ്രഫിയിലായിരുന്നു താത്പര്യം. മുന്നിൽകാണുന്ന പ്രകൃതിയും മനുഷ്യരുമെല്ലാം മൊബൈലിൽ അതേപടി പകർത്തുന്നതിൽ സഞ്ജയ് മിടുക്ക് കാണിച്ചു. കോവിഡ് ലോക്ഡൗൺ കാലത്താണ് മൊബൈലിൽ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള 'ലോക് ഡൗൺ ഡെയ്‌സ്', 'ഹാപ്പി ബെർത്ത് ഡേ 2' എന്നീ ഹ്രസ്വചിത്രങ്ങൾ ചെയ്ത് പ്രശംസ നേടി.

ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് കൂടുതൽ പഠിക്കണമെന്നാണ് ആഗ്രഹം. ദുബായിൽ സംരംഭം നടത്തുന്ന പ്രമോദ് ഉണ്ണിയുടേയും സ്മിതയുടേയും മകനാണ്. മാധ്യമപ്രവർത്തകൻ പ്രണവ് ഉണ്ണി സഹോദരനാണ്.