അബുദാബി : ഭൂരിഭാഗംപേരും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതോടെ മുഖാവരണം ഒഴിവാക്കി കോവിഡ് ഇളവുകൾ പ്രാബല്യത്തിലാക്കാനൊരുങ്ങുകയാണ് യു.എ.ഇയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അൽഐൻ ഗ്രേസ് വാലി ഇന്ത്യൻ സ്കൂളിലെ 85 ശതമാനത്തിലേറെ വിദ്യാർഥികളും വാക്സിനേഷൻ സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ മുഖാവരണം ഒഴിവാക്കി ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. രാജ്യം കോവിഡ് മുക്തമാകാൻ തുടങ്ങിയതോടെതന്നെ ഇതിനകം മിക്ക കോവിഡ് നിയന്ത്രണങ്ങളും സ്കൂൾ ഒഴിവാക്കിതുടങ്ങിയിരുന്നു. സ്കൂൾ അസംബ്ലി, സ്കൂളിലെ മറ്റ് ചടങ്ങുകൾ എന്നിവയ്ക്കുൾപ്പെടെ അൽഐൻ ഗ്രേസ് വാലി ഇന്ത്യൻ സ്കൂളിൽ ശാരീരിക അകലവും പാലിക്കേണ്ടതില്ല. കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങളോടെ പരിപാടികളിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കും പ്രവേശനമുണ്ട്. സ്കൂളിന്റെ വിജയകരമായ വാക്സിനേഷൻ ശ്രമങ്ങളെ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) അഭിനന്ദിച്ചു.

കോവിഡ് മുൻകരുതൽ നടപടികളിൽ ക്രമേണ ഇളവുവരുത്തി കോവിഡിന് മുൻപുള്ള പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ സ്കൂളുകൾക്ക് അനുമതിയുണ്ട്. സാധാരണ നിലയിലേക്ക് മടങ്ങാൻ ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്ന് അഡെക് അധ്യക്ഷ സാറാ മുസല്ലം പറഞ്ഞു. കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ തീരുമാനിച്ച എല്ലാ രക്ഷിതാക്കളെയും അവർ നന്ദി അറിയിച്ചു. കുട്ടികളുടെയും സ്കൂൾ കമ്യൂണിറ്റിയുടെയും ആരോഗ്യസുരക്ഷയ്ക്ക് സഹായകരമായ തീരുമാനമാണ് രക്ഷിതാക്കൾ സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി. കോവിഡ് പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് രക്ഷിതാക്കളുടെ അഭിപ്രായം അറിയാൻ വിവിധ സ്കൂളുകളുമായി സഹകരിച്ച് അഡെക്ക് ഒരു സർവേ നടത്തിയിരുന്നു. 52,000 രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നൽകാൻ താത്‌പര്യപ്പെടുന്നുവെന്നായിരുന്നു സർവേ റിപ്പോർട്ട്. ഇതുവരെ വാക്സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണത്തിൽ ഇതിനകം വർധനവുണ്ട്.

യു.എ.ഇയിൽ പുതിയ കോവിഡ് മരണമില്ല

ദുബായ് : യു.എ.ഇയിൽ കോവിഡ് മരണങ്ങളില്ലാത്ത ഒരു ദിനംകൂടി. പുതുതായി 67 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 84 പേരാണ് രോഗമുക്തരായത്. പുതിയതായി നടത്തിയ 231,122 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.9 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 741,500 പേർക്ക് യു.എ.ഇയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 736,247 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 3109 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.