ഷാർജ : യു.എ.ഇ. യുടെ ദേശീയ സുവർണ ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടാൻ ഷാർജയിൽ വെടിക്കെട്ടും നൃത്തവും സംഗീതവും ഉണ്ടായിരിക്കും. ഷാർജ നാഷണൽ ഡേ സെലിബ്രേഷൻ കമ്മിറ്റിയാണ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുക.

അറബ് പരമ്പരാഗത ആഘോഷങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യമുണ്ടാവുക. ഷാർജയുടെ കിഴക്കൻ പ്രദേശങ്ങളായ അൽ ബത്തേഹ്, വാദി അൽ ഹെലോ എന്നിവിടങ്ങളിൽ നവംബർ 26, 28, 29 തീയതികളിലുണ്ടാവും.

വെള്ളിയാഴ്ച കൽബയിൽ വൈകീട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നാടൻ കാലാവതരണങ്ങളോടൊപ്പം ഗായകൻ ഫൈസൽ അൽ ജാസിം അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഷാർജ കോർണീഷ് വർണ വെളിച്ചങ്ങളാൽ അലങ്കരിക്കുന്നതോടൊപ്പം ദേശീയ ദിനത്തോടടുപ്പിച്ച് വെടിക്കെട്ടും ഉണ്ടായിരിക്കും.

അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം സുവർണ ജൂബിലിയാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

പ്രവാസി സംഘടനകളും കലാപരിപാടികളടക്കം വരുംദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമാകും.