ദുബായ് : രാജ്യത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ. ഒരു സ്മാരക നാണയം പുറത്തിറക്കി. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രിയും സെൻട്രൽ ബാങ്ക് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവുപ്രകാരമാണ് നാണയം പുറത്തിറക്കിയത്.

500 ദിർഹം മൂല്യമുള്ള വെള്ളിയിൽ തീർത്ത നാണയമാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ 50 വർഷത്തെ സ്മരണ പുതുക്കുന്ന ഈ നാണയത്തിന് 250 ഗ്രാം ഭാരമുണ്ട്. നാണയത്തിന്റെ മുൻവശത്ത് പ്രസിഡൻഷ്യൽ പാലസ് ഖസർ അൽവതന്റെ ചിത്രം, യു.എ.ഇ രൂപവത്‌കൃതമായ 1971-2021 എന്നീ വർഷങ്ങൾ, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ 'മിനിസ്ട്രി ഓഫ് പ്രെസിഡൻഷ്യൽ അഫയേഴ്‌സ്' എന്നും ഔദ്യോഗിക ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്.

നാണയത്തിന്റെ മറുവശത്ത് അമ്പതാം വർഷത്തിന്റെ ലോഗോ, 500 ദിർഹം എന്നത് അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ആലേഖനം ചെയ്തിരിക്കുന്നു.

പ്രധാനപ്പെട്ട തീയതികളിലോ മറ്റ് സംഭവങ്ങളോ അടയാളപ്പെടുത്തുന്നതിനായി സെൻട്രൽ ബാങ്ക് പതിവായി സ്മരാക നാണയങ്ങൾ പുറത്തിറക്കാറുണ്ട്. എക്സ്‌പോ 2020 ദുബായുടെ ഔദ്യോഗിക ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന 2020 വെള്ളിനാണയങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. എക്സ്‌പോ 2020 ഔദ്യോഗിക ഷോപ്പുകളിലും ന്യൂസിലൻഡ് മിന്റ്‌സ് വെബ്‌സൈറ്റിലും ഇവ ലഭ്യമാണ്.