ദുബായ് : യു.എ.ഇ. ദേശീയദിന അവധിയും സ്കൂൾ വെക്കേഷനും അടുത്തെത്തിയതോടെ വിമാനത്താവളങ്ങളിൽ വൻതോതിലുള്ള യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടേക്കുമെന്ന് അധികൃതർ. അടുത്ത 11 ദിവസത്തിനുള്ളിൽ വലിയതോതിൽ യാത്രക്കാരെത്താം. തിരക്കൊഴിവാക്കാൻ യാത്രാനടപടികൾ പൂർത്തീകരിക്കാൻ വിമാനത്താവളങ്ങളിലേക്ക് മൂന്ന് മണിക്കൂർ നേരത്തേ എത്തിച്ചേരണം. മാത്രമല്ല യാത്രപുറപ്പെടാനിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ ടിക്കറ്റെടുത്ത യാത്രക്കാരെമാത്രമേ ദുബായ് വിമാനത്താവളത്തിന്റെ പുറപ്പെടൽ ഭാഗത്തേക്ക് കടത്തിവിടൂ. യാത്രയയ്ക്കാൻ എത്തുന്നവർക്ക് അകത്തേക്ക് പ്രവേശനമുണ്ടാകില്ല. ക്യൂ ഒഴിവാക്കാൻ ഓൺലൈൻ വഴി ചെക്ക് ഇൻ ചെയ്യാനും അധികൃതർ നിർദേശിച്ചു.

യു.എ.ഇ. അനുസ്മരണ ദിനത്തിനും ദേശീയദിന അവധികൾക്കും മുന്നോടിയായി നവംബർ 25 മുതൽ ഡിസംബർ അഞ്ചുവരെ 18 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. യു.എ.ഇ. നിവാസികൾക്ക് ഡിസംബർ ഒന്നുമുതൽ നാലുവരെ അവധിയാണ്. ഡിസംബർ നാല് ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നും യാത്രക്കാരുടെ എണ്ണം ഇതോടെ 19 ലക്ഷവും കവിയാനും സാധ്യതയുണ്ടെന്നും കണക്കാക്കുന്നു. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, വാണിജ്യ സേവന പങ്കാളികൾ എന്നിവരുമായി ദുബായ് വിമാനത്താവള അധികൃതർ ചേർന്നുപ്രവർത്തിക്കുന്നുവെന്ന് ടെർമിനൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസി പറഞ്ഞു.