ദുബായ് : മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി പദ്ധതിക്ക് ഗ്ലോബൽ ഫോറം ഓൺ ഹ്യൂമൺ സെറ്റിൽമെന്റ്‌സ് 2021 പുരസ്‌കാരം. സ്മാർട്ട് സിറ്റീസ് ടെക്‌നോളജി വിഭാഗത്തിൽ ഹരിത സാങ്കേതികത, ഹരിത സമ്പദ്‌വ്യവസ്ഥ എന്നീ ആശയത്തിലൂന്നിയുള്ള മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന അംഗീകാരമാണിത്.

സുസ്ഥിരവികസന ആശയങ്ങൾക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരങ്ങളിൽ ഒന്നുകൂടിയാണിത്. സമുദ്ര ആവാസവ്യവസ്ഥ, വായു, ഭൂഗർഭജലം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അതിനൂതന സാങ്കേതികതയാണ് മുനിസിപ്പാലിറ്റി പരീക്ഷിച്ചുവരുന്നത്. പരിസ്ഥിതിയുടെ മാറ്റങ്ങളും വിവരങ്ങളും അറിയുന്നതിനും അവ കൃത്യമായി രേഖപ്പെടുത്തി പഠനങ്ങൾക്ക് ഉപയോഗിക്കുന്നതിനും സാങ്കേതികസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

20 നൂതന നിരീക്ഷണ സാങ്കേതികതകൾ ഉൾപ്പെടുത്തിയ വാഹനങ്ങളാണ് മുനിസിപ്പാലിറ്റി പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്. വായുവിനെ മലിനമാക്കുന്ന 100 വ്യത്യസ്ത ഘടകങ്ങളെ കണ്ടെത്തുന്നതിനും അവയ്ക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന ഡേറ്റ ലഭ്യമാക്കുന്നതിനും സാങ്കേതികത പ്രയോജനപ്പെടുത്തുന്നു.

മുനിസിപ്പാലിറ്റി വികസിപ്പിച്ച ദുബായ് കോസ്റ്റ് സ്മാർട്ട് സംവിധാനം സമുദ്ര പരിസ്ഥിതിയുടെ വിവരങ്ങൾ കൃത്യതയോടെ ലഭ്യമാക്കുന്നു.

തിരമാല, വെള്ളത്തിന്റെ അളവ്, ഗുണനിലവാരം എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കാൻ ഇത് അവസരമൊരുക്കുന്നു. ടെലിമെട്രി നെറ്റ്‌വർക്ക് സാങ്കേതികതയിൽ ഭൂഗർഭജലത്തിന്റെ ലഭ്യതയും ഗുണനിലവാരവും അറിയാനും താരതമ്യപഠനങ്ങൾക്കാവശ്യമായ ഡേറ്റ ലഭ്യമാക്കാനും കഴിയുന്നു. ഇത്തരത്തിൽ പരിസ്ഥിതി സംരക്ഷണം നൂതനസാങ്കേതികതയുടെ ആധികാരിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കാൻ മുനിസിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങൾക്ക് ഒട്ടേറെ ആഗോള അംഗീകാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ശുചീകരണ പദ്ധതിയിൽ 1000 വൊളന്റിയർമാർ ഭാഗമായി

ദുബായ് : പരിസ്ഥിതി ശുചീകരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കിയ ശുചീകരണപദ്ധതിയിൽ 1000 വൊളന്റിയർമാർ ഭാഗമായി. പ്രധാന കേന്ദ്രങ്ങളും ബീച്ചുകളും കേന്ദ്രീകരിച്ച് നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 3000 കിലോ മാലിന്യമാണ് മാറ്റിയത്.

ജനങ്ങളിൽ സാമൂഹികബോധം വളർത്തുകയും അതിലൂടെ പരിസ്ഥിതി ശുചീകരണം കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പദ്ധതിയിൽ വിവിധ പ്രായക്കാരായവർ പങ്കെടുത്തു. പുനഃചംക്രമണം നടത്താൻ കഴിയുന്ന മാലിന്യം പ്രത്യേകം വേർതിരിച്ചുകൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടന്നത്.

പദ്ധതിയുടെ ഭാഗമായി പ്രത്യേക ക്ലാസുകളും ശില്പശാലയും നടന്നു. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരവികസനവുമെന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.