അബുദാബി : ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും റാനിയ രാജ്ഞിയും ചൊവ്വാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ അൽ ബത്തീൻ എക്സിക്യുട്ടീവ് വിമാനത്താവളത്തിൽ ഇരുവരെയും സ്വീകരിച്ചു.

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ്, അബുദാബി എയർപോർട്ട് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ തുടങ്ങിയവരും സംബന്ധിച്ചു.

ശൈഖ് മുഹമ്മദ് ബിൻ സായിദും അബ്ദുല്ല രാജാവും പിന്നീട് അൽ ഷാതി പാലസിൽ ചർച്ച നടത്തി. ഉഭയകക്ഷിബന്ധം വർധിപ്പിക്കുന്ന ശ്രമങ്ങളെക്കുറിച്ചും പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചും ചർച്ച നടന്നു.